ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിനെതിരേ ഉത്തര്‍പ്രദേശിന്റെ ഒന്നാം ഇന്നിംഗ്സ് 83.2 ഓവറില്‍ 302ന് അവസാനിച്ചു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിംഗ് തുടങ്ങിയ യുപിക്ക് 58 റണ്‍സ് ചേര്‍ക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി.
92 റണ്‍സെടുത്ത റിങ്കു സിംഗിന്റെ പ്രകടനമാണ് സഞ്ജു സാംസണ് നയിച്ച കേരളത്തിനെതിരേ യുപിക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 136 ബോള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിംഗ്സില്‍ എട്ടു ഫോറും രണ്ടു സിക്സറുമുള്‍പ്പെട്ടിരുന്നു.ഒടുവില്‍ വിവരം കിട്ടുമ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് 6.2 ഓവറില്‍ 19 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായി. 11 റണ്‍സെടുത്ത രോഹന് കുന്നമ്മലും റണ്‍സൊന്നുമെടുക്കാതെ കൃഷ്ണപ്രസാദും ആണ് പുറത്തായത്.
നേരത്തെ, കേരളത്തിനെതിരേ ഉത്തര്‍പ്രദേശിന്റെ തുടക്കം മോശമായിരുന്നു. മൂന്നു വിക്കറ്റിന് 85ലേക്കും അഞ്ചു വിക്കറ്റിന് 124 റണ്‍സിലേക്കും അവര്‍ പതറിയിരുന്നു. എന്നാല്‍ ആറാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ റിങ്കു- ധ്രുവ് ജുറേല്‍ ജോടി യുപിയെ ഭേദപ്പെട്ട നിലയില്‍ എത്തിക്കുകയായിരുന്നു. 143 റണ്‍സാണ് ഇരുവരും ടീം സ്കോറിലേക്കു കൂട്ടിച്ചര്‍ത്തത്.
ബൗളിംഗില്‍ കേരളത്തിനായി എം.ഡി. നിധീഷ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ബേസില്‍ തമ്പിയും ജലജ് സക്സേനയും രണ്ടു വിക്കറ്റുകള്‍ വീതം നേടി. വൈശാഖ് ചന്ദ്രനും ശ്രേയസ് ഗോപാലും ഓരോ വിക്കറ്റ് വീതം നേടി.