തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുംബൈയ്ക്കെതിരേ അവസാനദിനം അടിപതറി കേരളം. 327 റൺസ് വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ കേരളം 33 ഓവറിൽ 94 റൺസിനു പുറത്തായി. മുംബൈയ്ക്ക് 232 റൺസിന്റെ കൂറ്റൻ ജയം. 44 റൺസിന് അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഷംസ് മുലാനിയാണ് കേരളത്തിനെ ബാറ്റിംഗ് നിരയെ തകർത്തത്.
വിക്കറ്റ് നഷ്ടം കൂടാതെ 24 റൺസ് എന്ന നിലയിൽ അവസാനദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് അഞ്ചുറൺസ് കൂട്ടിച്ചേർക്കുന്നതിനിടെ നൈറ്റ് വാച്ച്മാൻ ജലജ് സക്സേനയെ (16) നഷ്ടമായി. പിന്നാലെ സ്കോർബോർഡിൽ 50 റൺസ് കടക്കുന്നതിനു മുമ്പേ കൃഷ്ണപ്രസാദും (നാല്) രോഹൻ കുന്നുമ്മലും (26) പുറത്തായതോടെ കേരളം പ്രതിരോധത്തിലായി.
പിന്നീട് കൃത്യമായ ഇടവേളകളിൽ കേരളത്തിന്റെ വിക്കറ്റുകൾ നഷ്ടമാകുന്നതാണ് കണ്ടത്. സമനിലയ്ക്കു വേണ്ടി പിടിച്ചുനില്ക്കാൻ പോലും ശ്രമിക്കാതെ രോഹൻ പ്രേം (11), സച്ചിൻ ബേബി (12), വിഷ്ണു വിനോദ് (ആറ്), ശ്രേയസ് ഗോപാൽ (പൂജ്യം), ബേസിൽ തമ്പി (നാല്), എം.ഡി. നിഥീഷ് (പൂജ്യം) എന്നിവർ വന്നപോലെ മടങ്ങി.
അവസാന നമ്പരിൽ വിശ്വേശ്വർ എ. സുരേഷ് ആബ്സെന്റ് ഹർട്ടായതോടെ കേരളം തോൽവി സമ്മതിച്ചു. ഒരറ്റത്ത് 15 റൺസുമായി നായകൻ സഞ്ജു സാംസൺ പുറത്താകാതെ നിന്നെങ്കിലും പിന്തുണയ്ക്കാൻ ആരുമില്ലാതിരുന്നത് ആതിഥേയർക്ക് തിരിച്ചടിയായി.മുംബൈയ്ക്കുവേണ്ടി ധവാൽ കുൽക്കർണി, തനുഷ് കോട്യാൻ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.