ഗോഹട്ടി: രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയിൽ അസാമിനെതിരേ കേരളത്തിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത കേരളം രണ്ടാംദിനം 419 റൺസിന് പുറത്തായി. അവസാന വിക്കറ്റിൽ സെഞ്ചുറിയുമായി പൊരുതിയ മുൻ നായകൻ സച്ചിൻ ബേബിയുടെ കരുത്തിലാണ് കേരളം കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഒരുഘട്ടത്തിൽ ഏഴിന് 276 എന്ന ഘട്ടത്തിൽ നിന്നാണ് സന്ദർശകരുടെ ഗംഭീര തിരിച്ചുവരവ്.
148 പന്തിൽ 16 ഫോറും അഞ്ചു സിക്സുമുൾപ്പെടെ 131 റൺസെടുത്ത സച്ചിനാണ് കേരള നിരയിലെ ടോപ് സ്കോറർ.ഒരുവിക്കറ്റ് നഷ്ടത്തിൽ 141 റൺസെന്ന മികച്ച നിലയിൽ രണ്ടാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ഓപ്പണർമാരായ രോഹൻ കുന്നുമ്മലും കൃഷ്ണപ്രസാദും ചേർന്ന് ആദ്യദിനം മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റിൽ 133 റൺസ് കൂട്ടിച്ചേർത്തു. 95 പന്തിൽ 11 ഫോറുൾപ്പെടെ 83 റൺസെടുത്ത രോഹൻ കുന്നുമ്മലാണ് കേരള നിരയിലെ രണ്ടാമത്തെ ടോപ് സ്കോറർ. കൃഷ്ണപ്രസാദ് 202 പന്തിൽ അഞ്ചുഫോറും രണ്ടു സിക്സറുമുൾപ്പെടെ 80 റൺസെടുത്തു.
രോഹൻ കുന്നുമ്മൽ പുറത്തായതിനു പിന്നാലെയെത്തിയ രോഹൻ എസ്. പ്രേം 116 പന്തിൽ 50 റൺസെടുത്തു. സ്കോർ 217ൽ നിൽക്കേ രോഹൻ പ്രേമും തൊട്ടുപിന്നാലെ കൃഷ്ണപ്രസാദും പുറത്തായതോടെ കേരള സ്കോറിംഗിന് വേഗംകുറഞ്ഞു. അടുത്തടുത്ത ഓവറുകളിലായി വിഷ്ണു വിനോദും (19) അക്ഷയ് ചന്ദ്രനും (പൂജ്യം) പിന്നാലെ ശ്രേയസ് ഗോപാലും (18) ജലജ് സക്സേനയും (ഒന്ന്) പുറത്തായതോടെ കേരളം ഏഴിന് 277 എന്ന സ്കോറിലെത്തി. പിന്നാലെ വാലറ്റത്തെ കൂട്ടുപിടിച്ച് സച്ചിൻ ബേബി സ്കോർ ഉയർത്തുകയായിരുന്നു. ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും പൊരുതിയ സച്ചിന് ബേബി അവസാന വിക്കറ്റുകളിൽ ബേസില്‍ തമ്പിയെയും(16) എം.ഡി നിഥീഷിനെയും(12) കൂട്ടുപിടിച്ച് കേരളത്തെ 400 കടത്തി.അസാമിനു വേണ്ടി മുഖ്താർ ഹുസൈൻ, രാഹുൽ സിംഗ് എന്നിവർ മൂന്നുവിക്കറ്റ് വീതവും സിദ്ധാർഥ് ശർമ രണ്ടുവിക്കറ്റും വീഴ്ത്തി.