മുംബൈ : ഭരണഘടനയെ സംരക്ഷിക്കാന്‍ അന്‍പത് ശതമാനം സംവരണപരിധി എടുത്തുകളയണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും അധികാരത്തില്‍ വന്നാല്‍ സംവരണപരിധി എടുത്തുകളയാന്‍ നിയമം കൊണ്ടുവരുമെന്നും അതിനെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. സംവിധാന്‍ സമ്മാന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ സംരക്ഷിക്കാന്‍ ഈ സംവരണ പരിധി എടുത്തുകളയേണ്ടത് അനിവാര്യമാണെന്നും രാഹുല്‍ പറഞ്ഞു
രാജ്യത്ത് ജാതിസെന്‍സസ് ഉറപ്പാക്കുമെന്നും രാഹുല്‍ പറഞ്ഞു. ജാതി സെന്‍സസ് നടത്തുന്നതിലൂടെ ഓരോ സമുദായത്തിന്റെ ജനസംഖ്യ എത്രയുണ്ടന്നറിയുക മാത്രമല്ല. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയില്‍ അവര്‍ക്ക് എത്രത്തോളം നിയന്ത്രണമുണ്ടെന്ന് അറിയാനും കഴിയുമെന്ന് രാഹുല്‍ പറഞ്ഞു.
രാജ്യത്തെ 90 ശതമാനം ജനങ്ങള്‍ക്കും അവസരങ്ങളുടെ വാതിലുകള്‍ കൊട്ടിയടക്കപ്പെടുകയാണ്. തൊണ്ണൂറ് ഉന്നത ഐഎഎസ് ഓഫീസര്‍മാരാണ് ഇന്ത്യയുടെ ബജറ്റ് തീരുമാനിക്കുന്നത്, ഒബിസി വിഭാഗത്തില്‍പ്പെട്ടവരാണ് മൊത്തം ജനസംഖ്യയുടെ അന്‍പത് ശതമാനം. എന്നാല്‍ ഈ 90 ഓഫീസര്‍മാരില്‍ മൂന്ന് പേര് മാത്രമാണ് ഒബിസി വിഭാഗത്തില്‍പ്പെടുന്നത്. ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ 15 ശതമാനവും ആദിവാസികള്‍ എട്ടുശതമാനവുമാണ്. എന്നാല്‍ അവിടെ നിന്ന് യഥാക്രം മൂന്ന്, ഒന്ന് എന്നനിലയിലാണ് ഉദ്യോഗസ്ഥരുടെ എണ്ണമെന്നും രാഹുല്‍ പറഞ്ഞു.
ഈ സത്യം പുറത്തറിയാതിരിക്കാനാണ് ബിജെപിയും ആര്‍എസ്എസും ജാതി സെന്‍സസിനെ എതിര്‍ക്കുന്നത്. ദളിതരുടെയോ പിന്നാക്ക വിഭാഗങ്ങളുടെയോ ചരിത്രം സ്കൂളില്‍ പഠിപ്പിക്കുന്നില്ലെന്നും ആ ചരിത്രം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പൊതുമേഖല സ്വകാര്യവല്‍ക്കരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.