ന്യൂഡല്‍ഹി : സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ പരാതി. സുപ്രീംകോടതി അഭിഭാഷകന് വിനീത് ജിന്‍ഡാല്‍ ആണ് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശം പ്രകോപനപരമാണെന്നും, മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു.
എംഎല്‍എയും മന്ത്രിയുമായ ഉദയനിധിയുടെ പ്രസ്താവന മതവിദ്വേഷം സൃഷ്ടിക്കുന്നതും, സമൂഹത്തില്‍ ശത്രുത ഉടലെടുക്കാന്‍ ഇടയാക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു. സനാതന ധര്‍മ്മം എന്ന ആശയത്തെ ഉന്മൂലനം ചെയ്യണമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും, സംസ്ഥാന കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിന് അഭിപ്രായപ്പെട്ടത്.
സനാതന ധര്‍മ്മം സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണ്. കൊതുകുകള്‍, ഡെങ്കിപ്പനി, മലേറിയ, കൊറോണ തുടങ്ങിയവയെപ്പോലെയാണ് സനാതനധര്‍മ്മം. അവയെ എതിര്‍ക്കുകയല്ല, ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും ഉദയനിധി പറഞ്ഞു. സംഘപരിവാര്‍ ഭീഷണിക്ക് മുന്നില്‍ പതറില്ല. സനാതന ധര്‍മ്മത്തെ ദ്രാവിഡ ഭൂമിയില്‍ നിന്ന് തടയാനുള്ള നമ്മുടെ ദൃഢനിശ്ചയം അല്‍പ്പം പോലും കുറയില്ലെന്നും ഉദയനിധി സ്റ്റാലിന് അഭിപ്രായപ്പെട്ടിരുന്നു.