തിരുവനന്തപുരം : പോക്സോ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എതിരായ പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി. സുധാകരനെതിരെ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനമാണ് എന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. പൊതുപ്രവര്ത്തകന് പായിച്ചിറ നവാസാണ് പരാതി നല്‍കിയത്. സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ബോധപൂര്‍വാണ് ഇത്തരം പരാമര്‍ശം നടത്തിയതെന്നു പരാതിയില്‍ പറയുന്നു. പോക്സോ കേസില്‍ തടവിന് ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്സണ് മാവുങ്കല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് അവിടെ ഉണ്ടായിരുന്നുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അതേസമയം, തനിക്കെതിരായ എംവി ഗോവിന്ദന്റെ ആരോപണം ശരിയാണെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കി കെ സുധാകരന് രംഗത്തെത്തി. മനസാ വാചാ അറിയാത്ത കാര്യമാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത്. താനവിടെയുണ്ടായിരുന്നു എന്ന് അതിജീവിത പറഞ്ഞിട്ടില്ല. സാക്ഷികളാരും അങ്ങനെ പറഞ്ഞിട്ടില്ല. അതിജീവിത നല്‍കാത്ത രഹസ്യ മൊഴി സിപിഎം സംസ്ഥാന സെക്രട്ടറിക്ക് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു. ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സുധാകരന് വ്യക്തമാക്കി. തന്നെ കേസില്‍ പ്രതിയാക്കുന്നത് സിപിഎം ആണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഏത് നെറികെട്ട കാര്യത്തിനും സിപിഎം തയാറാകുമെന്ന് ഇതിലൂടെ മനസിലായതായും കെ.പിസിസി പ്രസിഡന്റ് പറഞ്ഞു.