ബംഗളൂരു: മലയാളിതാരം എസ് സജന അവസാനപന്തിൽ സിക്സറടിച്ച് മുംബൈ ഇന്ത്യൻസിന് അവിശ്വസനീയ വിജയമൊരുക്കി. പ്രീമിയര്‍ ലീഗിലെ തന്റെ ആദ്യ മത്സരം കളിക്കുന്ന സജന സജീവന് ക്രീസിലേക്ക് എത്തിയപ്പോള്‍ ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല ആ ബാറ്റില്‍ നിന്ന് അങ്ങനെയൊരു ഷോട്ട്. വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഉദ്ഘാടന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നാല് വിക്കറ്റ് ജയം.
സ്കോർ: ഡൽഹി 171/5, മുംബൈ 173/6.
ആലിസ് കാപ്സി എറിഞ്ഞ അവസാന ഓവറിൽ മുംബൈക്ക് ജയിക്കാൻ 12 റൺ വേണ്ടിയിരുന്നു. ആദ്യപന്തിൽ പൂജ വസ്ത്രാക്കറും അഞ്ചാംപന്തിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (55) പുറത്തായി. അവസാന പന്ത് നേരിടാനെത്തിയത് വയനാട്ടുകാരി സജന. ജയിക്കാൻ അഞ്ച് റൺ വേണം. ഒന്നും ആലോചിച്ചില്ല, ഒറ്റയടി. ലോങ്ഓണിന് മുകളിലൂടെ പന്ത് സിക്സറിലേക്ക് പറന്നു. ഹർമൻപ്രീതാണ് കളിയിലെ താരം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ സജനയിലൂടെ മുംബയ് ലക്ഷ്യം കണ്ടു.ഡല്‍ഹിക്ക് വേണ്ടി അലീസ് ക്യാപ്സി 75(53), ജമീമ റോഡ്രിഗ്സ് 42(24) മെഗ് ലാനിംഗ് 31(25) എന്നിവര്‍ തിളങ്ങി. മുംബയ്ക്കായി സൈവര്ബ്രന്റ്, അമേലി ഖേര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബയ്ക്ക് വേണ്ടി യാസ്തിക ഭാട്ടിയ 57 റണ്‍സും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 55 റണ്‍സും നേടി.