മുംബൈ: ഇന്ത്യന്‍ വിനോദ മാധ്യമ രംഗത്തെ വമ്പന്‍ കരാറില്‍ ഒപ്പിട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസും വാള്‍ട്ട് ഡിസ്നിയും. ഇരു കമ്പനികളും ഒരുമിക്കുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ വിനോദ മാധ്യമമായി ഇത് മാറും. ഡിസ്നി ഇന്ത്യയുടെ 61 ശതമാനം ഓഹരിയാണ് റിലയന്‍സ് കമ്പനിയായ വയാകോം 18 വാങ്ങുന്നത്. ഇതോടെ ഇരു കമ്പനികളും പൊതു പ്ലാറ്റ്ഫോമിന് കീഴിലാകും. കരാറിന്റെ ഭാഗമായി റിലയന്‍സ് 11,500 കോടി രൂപ നിക്ഷേപിക്കും. പുതിയ കമ്പനിയില്‍ 36 ശതമാനം ഓഹികള് മാത്രമാണ് ഡിസ്നിക്കുള്ളത്. 63.16 ശതമാനം ഓഹരി റിലയന്‍സിന് കീഴിലായിരിക്കും.
സംയുക്ത സംരംഭത്തിന് 70,000 കോടി രൂപയുടെ മൂല്യമുണ്ടാകും. ഇതോടെ ചാനലുകള്‍ക്കും സ്ട്രീമിങ്ങുകള്ക്കുമായി ആകെ 75 കോടി കാഴ്ച്ചക്കാരുണ്ടാകും. നിത അംബാനിയാണ് കമ്പനിയുടെ ചെയര്‍പേഴ്സണ്‍. ലയനത്തോടെ വിനോദ ചാനലുകളായ കളേഴ്സ്, സ്റ്റാര്‍പ്ലസ്, സ്റ്റാര്‍ ഗോള്‍ഡ് എന്നിവയും സ്പോര്‍ട്സ് ചാനലുകലായ സ്റ്റാര്‍സ്പോര്‍ട്സ്, സ്പോര്‍ട് 18 എന്നിവയും ജിയോ സിനിമയും ഹോട്ട്സ്റ്റാറും പുതിയ കമ്പനിക്ക് കീഴിലാകും.