ന്യൂഡല്‍ഹി : വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന മലയാളിയായ നഴ്സ് നിമിഷപ്രിയയുടെ അമ്മക്ക് യാത്രാനുമതി നല്കി ഡല്‍ഹി ഹൈക്കോടതി. വിദേശ മന്ത്രാലയത്തിന്റെ എതിര്‍പ്പ് മറികടന്നുകൊണ്ട്, നിമിഷയുടെ അമ്മക്ക് യമനിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു.
സനയിലെ എയര്‍ലൈന്‍ സിഇഒ ആയി ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ സാമുവല്‍ ജെറോമിനൊപ്പം പ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാമെന്ന് ഹൈക്കോടതി പറഞ്ഞു. പണത്തിന് പകരമായി ജീവന് രക്ഷിക്കുന്ന രക്തപ്പണം നല്കാന് കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ചര്‍ച്ച ചെയ്യാന്‍ ജെറോം സഹായിക്കും.
അതേസമയം നിമിഷ പ്രിയയുടെ അമ്മ സ്വന്തം ഉത്തരവാദിത്തത്തിലാണ് യാത്ര ചെയ്യുന്നതെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. യെമനില്‍ നിന്നുള്ള യാത്രയുടെയും മടങ്ങിവരവിന്റെയും തീയതിയും അറിയിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
യെമന്‍ പൗരന് തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയെ വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്.
പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് മലയാളിയായ നഴ്സ്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷ പ്രിയ കഴിയുന്നത്. തലാലിനൊപ്പം യെമനില്‍ ഒരു ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷ പ്രിയ. ഇവര്‍ തമ്മിലുള്ള ചെറിയ പ്രശ്നങ്ങള്‍ ആണ് കൊലപാതകത്തില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. 2017 ജൂലൈ 25നാണ് തലാല്‍ കൊല്ലപ്പെട്ടുന്നത്. മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ച നിലയില്‍ ആണ് കണ്ടെത്തുന്നത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് ആരംഭിക്കാന്‍ തലാല്‍ നിമിഷ പ്രിയയ്ക്ക് സാഹായവാഗ്ദാനം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി നിമിഷ പ്രിയയുടെപാസ്പോര്‍ട്ട് തലാല്‍ അബ്ദുമഹ്ദി ബലമായി വാങ്ങിച്ചുവെച്ചു എന്നാണ് കോടതിയില്‍ നിമിഷ പ്രിയയുടെ അഭിഭാഷകന് പറഞ്ഞത്.