മലപ്പുറം: കാളികാവ് ഉദരപൊയിലിൽ രണ്ടര വയസ്സുകാരിയുടെ മരണത്തിൽ ദുരൂഹത. കുഞ്ഞിനെ പിതാവ് ഫാരിസ് മർദിച്ചു കൊലപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിച്ചു. ഫാരിസിന്റെ മകൾ നസ്റിൻ ഇന്നലെയാണ് മരിച്ചത്. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. പിതാവ് മുഹമ്മദ് ഫായിസിനെതിരെ മാതാവും ബന്ധുക്കളും പരാതി നല്കി.
കഴുത്തിലും മുഖത്തും പാടുകളുള്ളത് പുറത്തുവന്ന ചിത്രത്തിൽതന്നെ കാണാം. മുഖത്ത് ചോര കല്ലിച്ച പാടുകളും കഴുത്തിൽ രക്തക്കറയോടെയുള്ള മുറിവുകളുമാണുള്ളത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പിതാവ് മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മാതാവ് ഷഹബത്തിന്റെ ബന്ധുക്കൾ പറയുന്നത്. കുട്ടിയെ പിതാവ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നുവെന്നും ബന്ധുക്കള്‍. കുട്ടിയെ കൊല്ലുമെന്ന് ഫായിസ് ഭീഷണിപ്പെടുത്തിയിരുന്നു എന്നും ബന്ധുക്കള്‍ പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ ആശുപത്രിയിലാണുള്ളത്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം പത്ത് മണിയോടെ തുടങ്ങും.