തിരുവനന്തപുരം : അതിഥി തൊഴിലാളികളെ തൊഴിൽ വകുപ്പിനു കീഴിൽ രജിസ്റ്റർ ചെയ്യുന്ന നടപടികൾക്കു സംസ്ഥാനത്തു തുടക്കം. നിലവിൽ 5706 തൊഴിലാളികൾ അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിൽ ശേഷിക്കുന്ന തൊഴിലാളികളും രജിസ്ട്രേഷൻ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. രജിസ്ട്രേഷൻ നടപടികൾ വരും ദിവസങ്ങളിൽ ഊർജ്ജിതമാക്കുമെന്നു ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ വ്യക്തമാക്കി. കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. മറ്റു വകുപ്പുകളുടേയും സന്നദ്ധ പ്രവർത്തകരുടേയും സഹായം തേടും. നടപടികളോടു തൊഴിലാളികളും തൊഴിലുടമകളും ക്രിയാത്മകമായി തന്നെയാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികൾക്കും കരാറുകാർക്കും തൊഴിലുടമകൾക്കും തൊഴിലാളികളെ രജിസ്റ്റർ ചെയ്യാം. athidhi.lc.kerala.gov.in എന്ന പോർട്ടലിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് പേര് വിവരങ്ങൾ നൽകേണ്ടത്. പ്രാദേശിക ഭാഷയിൽ പോർട്ടലിൽ നിർദ്ദേശങ്ങൾ ലഭ്യമാണ്. നൽകിയ വിവരങ്ങൾ എൻട്രോളിങ് ഓഫീസർ പരിശോധിച്ചു ഉറപ്പു വരുത്തും. അതിനു ശേഷം തൊഴിലാളിക്ക് ഒരു യുണീക്ക് ഐഡി നൽകും. ഇതോടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും.