കൊച്ചി : അശാസ്ത്രീയമായ രീതിയില്‍ കലുങ്ക് നിര്‍മിച്ചതുമൂലം സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ വെള്ളം കെട്ടിക്കിടക്കുന്നത് പരിഹരിക്കുന്നതില്‍ അപാകതയുണ്ടെങ്കില്‍ പൊതുമരാമത്ത് വകുപ്പിനും (പിഡബ്ല്യുഡി) പഞ്ചായത്തിനും എതിരെ നടപടിയെടുക്കുമെന്ന് കേരള ഹൈക്കോടതി. ഹര്‍ജിക്കാരന്റെ വസ്തുവകകളില്‍ വെള്ളം കയറിയതിന്റെ വസ്തുത പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോട് കോടതി നിര്‍ദേശിച്ചു.
പുനലൂര്‍ മൂവാറ്റുപുഴ റോഡ് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് (കെഎസ്ടിപി) മുഖേന തന്റെ വസ്തുവിന് സമീപത്തായി വീതികൂട്ടിയെന്നും അശാസ്ത്രീയമായ രീതിയില്‍ പുതിയ കലുങ്ക് നിര്‍മിച്ചിട്ടുണ്ടെന്നും ഇത് മൂലം മഴക്കാലത്ത് കനത്ത വെള്ളമൊഴുകുകയും ഇത് വിനാശകരമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തുവെന്നും ഹര്ജിക്കാരന് ബോധിപ്പിച്ചു.
2005ലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരം ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) മുമ്പാകെ പരാതി നല്‍കിയിരുന്നു. എന്നിട്ടും പരാതി പരിഹരിക്കാന്‍ നടപടികളൊന്നും ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി പരിഗണിക്കാനും ഉചിതമായ തീരുമാനമെടുക്കാനും കോടതി ഡിഡിഎംഎക്ക് അന്ന് നിര്‍ദേശം നല്കി. ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തണമെന്നാണ് ഇന്നത്തെ ഹര്‍ജി പരിഗണിച്ച സാഹചര്യത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശം.