തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസുമായി ബന്ധപ്പെട്ട നിയമനക്കോഴക്കേസില്‍ അഖില്‍ സജീവനെയും ലെനിൻ രാജിനെയും പ്രതി ചേര്‍ത്തു.വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവരെയും പ്രതി ചേർത്തിരിക്കുന്നത്. അഖിൽ മാത്യു നൽകിയ പരാതിയിലാണ് ഇരുവരെയും പ്രതി ചേർത്തിരിക്കുന്നത്. റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും.
ബാസിതിനെ പ്രതിചേർക്കുന്നത് പിന്നീട് തീരുമാനിക്കും. ഇത് സംബന്ധിച്ച് കന്റോൺമെന്റ് പൊലീസ് ചൊവ്വാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകും.നിലവില്‍ ഈ കേസില്‍ ഇതുവരെ ആരെയും പ്രതിചേര്‍ത്തിരുന്നില്ല. നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരുവരുടെയും അക്കൗണ്ടില്‍ പണമെത്തിയതായി കന്റോണ്‍മെന്റ് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിപ്പില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടന്നാണ് പൊലീസിന്റെ നിഗമനം.
സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സെക്രട്ടറിയേറ്റ് അനക്സ് രണ്ടിലെ സി.സി.ടി.വിയിലേതാണ് ദൃശ്യങ്ങൾ. സി.സി.ടി.വിയിൽ ഹരിദാസനെയും ബാസിതിനെയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അഖിൽ മാത്യു ദൃശ്യങ്ങളിലില്ല. ഓട്ടോയിലാണ് ഇവർ എത്തിയത്. എന്നാൽ പണം കൈമാറുന്നതും ഈ ദൃശ്യങ്ങളിലില്ല. ഹരിദാസനും ബാസിതും സെക്രട്ടറിയേറ്റ് പരിസരത്ത് ഒരു മണിക്കൂറിലധികം ചിലവഴിച്ചതായും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണിക്കുന്നുണ്ട്.
പരാതിക്കാരനായ ഹരിദാസൻ അഖിൽ സജീവനുമായും ലെനിനുമായും നടത്തിയ പണമിടപാട് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇരുവർക്കും ബാങ്ക് അക്കൌണ്ട് വഴി പണം ലഭിച്ചതായി കണ്ടെത്തി. നിയമനക്കോഴയായി 175000 രൂപ നൽകി എന്നാണ് ഹരിദാസൻ ആരോപിച്ചിരുന്നത്. ഇതിൽ 75000 രൂപ അഖിൽ സജിവന് ഗൂഗിള്‍ പേ വഴി കൈമാറിയിരുന്നു. എന്നാൽ ഇത് ലെനിൻ പറഞ്ഞ മറ്റൊരു അക്കൌണ്ടിലേക്ക് മാറ്റിയെന്നാണ് അഖിൽ സജീവന്റെ വാദം. ഇത് ശരിവെക്കുന്ന തരത്തിലാണ് പൊലീസിന്റെ കണ്ടെത്തൽ.
മലപ്പുറം സ്വദേശിയായ ഹരിദാസന്റെ മരുമകളുടെ ഡോക്ടര്‍ നിയമനത്തിനായി ഇടനിലക്കാരനായ അഖില്‍ സജീവും മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പണം വാങ്ങിയെന്നാണ് ആരോപണം. പരാതിയില്‍ പൊലീസ് നേരത്തേ ഹരിദാസന്റെ മൊഴിയെടുത്തിരുന്നു.