തിരുവനന്തപുരം : നിയമനക്കോഴ ആരോപണം ഉന്നയിച്ച ഹരിദാസനെ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഹരിദാസനെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെതുടർന്നാണ് മൊഴിയെടുക്കാൻ സ്റ്റേഷനിൽ ഹജരാകാൻ പറഞ്ഞത്. കേസിൽ ബാസിതിനെയും റഹീസിനെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരായ നിയമനക്കോഴ വിവാദത്തിൽ അഖിൽ സജീവനെയും ലെനിനെയും കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പ്രതിചേർത്തത്. വ്യാജ ആയുഷ് മെയിൽ ഐ.ഡി ഉണ്ടാക്കിയത് അഖിൽ സജീവാണെന്ന് പൊലീസ് കണ്ടെത്തി. വഞ്ചനാക്കുറ്റം ആൾമാറാട്ടം എന്നിവ ചുമത്തിയാണ് കേസെടുത്തത്. അഖിൽ മാത്യു നൽകിയ പരാതിയിലാണ് ഇരുവരെയും പ്രതി ചേർത്തിരിക്കുന്നത്. റിപ്പോർട്ട് ഇന്ന് പൊലീസ് കോടതിയിൽ സമർപ്പിക്കും.
സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് നേരത്തേ ലഭിച്ചിരുന്നു. സെക്രട്ടറിയേറ്റ് അനക്സ് രണ്ടിലെ സി.സി.ടി.വിയിലേതാണ് ദൃശ്യങ്ങൾ. സി.സി.ടി.വിയിൽ ഹരിദാസനെയും ബാസിതിനെയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അഖിൽ മാത്യു ദൃശ്യങ്ങളിലില്ല. ഓട്ടോയിലാണ് ഇവർ എത്തിയത്. എന്നാൽ പണം കൈമാറുന്നതും ഈ ദൃശ്യങ്ങളിലില്ല. ഹരിദാസനും ബാസിതും സെക്രട്ടറിയേറ്റ് പരിസരത്ത് ഒരു മണിക്കൂറിലധികം ചിലവഴിച്ചതായും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണിക്കുന്നുണ്ട്.
പരാതിക്കാരനായ ഹരിദാസൻ അഖിൽ സജീവനുമായും ലെനിനുമായും നടത്തിയ പണമിടപാട് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇരുവർക്കും ബാങ്ക് അക്കൗണ്ട് വഴി പണം ലഭിച്ചതായി കണ്ടെത്തി. നിയമനക്കോഴയായി 175000 രൂപ നൽകി എന്നാണ് ഹരിദാസൻ ആരോപിച്ചിരുന്നത്. ഇതിൽ 75000 രൂപ അഖിൽ സജിവന് ഗൂഗിള്‍ പേ വഴി കൈമാറിയിരുന്നു. എന്നാൽ ഇത് ലെനിൻ പറഞ്ഞ മറ്റൊരു അക്കൌണ്ടിലേക്ക് മാറ്റിയെന്നാണ് അഖിൽ സജീവന്റെ വാദം. ഇത് ശരിവെക്കുന്ന തരത്തിലാണ് പൊലീസിന്റെ കണ്ടെത്തൽ.