ഇടുക്കി: കുളിര് തേടി മൂന്നാറിലേക്ക് വരുന്നവരെ നിരാശരാക്കി ചൂട് ഉയരുന്നു. ഏപ്രില്‍ 29ന് 29 ഡിഗ്രി സെല്‍ഷ്യസും 30ന് 30 ഡിഗ്രി സെല്‍ഷ്യസുമാണ് മൂന്നാറില്‍ രേഖപ്പെടുത്തിയത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് രണ്ടുമുതല്‍ നാലു ഡിഗ്രി വരെ മൂന്നാറില്‍ ചൂട് കൂടിയെന്നാണ് വിദഗ്ധര്‍ പറയുന്നത്.
നല്ലതണിയില് പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷന് ഓഫ് സൗത്ത് ഇന്ത്യയുടെ നിരീക്ഷണ കേന്ദ്രത്തിലെ കണക്കുകള്‍ പ്രകാരമാണിത്. ഇത്തവണ ഏപ്രില്‍ 15 മുതല്‍ 30 വരെ പകല്‍ 28 മുതല്‍ 30 ഡിഗ്രി വരെയായിരുന്നു ചൂട്. ഇക്കാലയളവില്‍ രാത്രിയും പുലര്‍ച്ചെയും 11 ഡിഗ്രി സെല്‍ഷ്യസ് വരെയായും താപനില താഴ്ന്നു. 1989-2000 കാലത്ത് പകല്‍ ഏറ്റവും കൂടിയ താപനില 25.6 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 16 മുതല്‍ 17.4 ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു. 2011- 20ല്‍ പകല്‍ ഏറ്റവും ഉയര്‍ന്ന താപനില 26.1 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 15.7 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു.