സിപിഎമ്മും മദ്യവ്യവസായികളും തമ്മിലുള്ള ബന്ധം പലപ്പോഴും വലിയ തോതിലുള്ള ആരോപണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സിപിഎമ്മിന്റെ രാഷ്ട്രീയം പോലും മദ്യവ്യവസായികളെ ചുറ്റിപ്പറ്റിയാണ് നീങ്ങുന്നതെന്നും പാര്‍ട്ടിയുടെ ഉറവ വറ്റാത്ത വരുമാനസ്രോതസാണ് മദ്യവ്യവസായികളെന്നുമുള്ള ആരോപണങ്ങളും രാഷ്ടീയഎതിരാളികളും മാധ്യമങ്ങളുമൊക്കെ പലപ്പോഴായി ഉന്നയിക്കുന്നതുമാണ്. യുഡിഎഫിനെപ്പോലെ ഘട്ടംഘട്ടമായുള്ള മദ്യനിരോധനം എന്ന ഗിമ്മിക്കുകളൊന്നും സിപിഎം ഒരിക്കലും കൈക്കൊണ്ടിരുന്നില്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ വിവാദമായ മദ്യനയം കേരളത്തിലെ മദ്യവ്യവസായികളെ വന്‍ ആശങ്കയിലേക്ക് തള്ളിവിട്ടിരുന്നു. അതോടൊപ്പം യുഡിഎഫിന്റെ രാഷ്ട്രീയ തകര്‍ച്ചക്കും അത് വഴിയൊരുക്കി. 2016ൽ കേരളത്തില്‍ ഇടതുമുന്നണിക്ക് ഭരണം കിട്ടാൻ ആളും അര്‍ത്ഥവും കൂടുതല്‍ ചിലവിട്ടത് കേരളത്തിനകത്തും പുറത്തുമുളള മദ്യവ്യവസായികളാണെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. ജൂണ്‍ നാലിന് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നുകഴിഞ്ഞാല്‍ ഉടൻ തന്നെ കേരളത്തിലെ പുതിയ മദ്യനയം പ്രഖ്യാപിക്കും. ഡ്രൈഡേ ഒഴിവാക്കാനുള്ള തീരുമാനം ഉണ്ടാകുമെന്നുറപ്പായിക്കഴിഞ്ഞു.
എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈഡേ ടൂറിസം രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായാണ് സര്‍ക്കാര്‍ പറയുന്നത്. പല വിദേശ കോണ്‍ഫ്രന്‍സുകളും, കൂട്ടായ്മകളും ഒന്നാം തീയതിയിലുള്ള ഡ്രൈഡേ കാരണം കേരളത്തിലെ ഹോട്ടലുകള്‍ക്ക് ലഭിക്കാതെ പുറത്തേക്ക് പോകുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനെക്കുറിച്ച് പഠനം നടത്തിയ ഉദ്യോഗസ്ഥതല കമ്മിറ്റിയും ഇതേ ആശയം തന്നെയാണ് പങ്കുവച്ചത്. വര്‍ഷത്തില്‍ 12 ദിവസം ഉള്ള ഡ്രൈഡേ സംസ്ഥാനത്തിനും ബിവറേജസ് കോര്‍പ്പറേഷനും വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതായി ഉദ്യോഗസ്ഥതല കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം റസ്റ്റോറന്റുകളിൽ ബിയര്‍ വിളമ്പാനും ബാറുകളില്‍ കള്ളു നല്‍കാനുമുള്ള നടപടിയും പുതിയ അബ്കാരി നയത്തിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് ഈ നയം മാറ്റം ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
എന്നാല്‍ പ്രതിപക്ഷമുള്‍പ്പെടെയുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ എതിരാളികള്‍ ആരോപിക്കുന്നത് മറ്റൊന്നാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഇനി 22 മാസമേയുളളു. അബ്കാരികളുടെ നിര്‍ലോഭ പിന്തുണ ഉറപ്പ് വരുത്താനുള്ള നീക്കങ്ങളാണ് പുതിയ മദ്യനയത്തിലുള്ളതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഡ്രൈഡേ പിന്‍വലിക്കല്‍, ഹോട്ടലുകളിൽ മദ്യം വിളമ്പാനുള്ള നീക്കം എന്നിവയൊക്കെ കനത്ത എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്ന് നേരത്തെ പിന്‍വലിച്ചതാണ്. വീണ്ടും അത് പൊടിതട്ടിയെടുക്കുന്നത് ടൂറിസം വികസനത്തിനല്ല, മറിച്ച് സിപിഎം നേതാക്കളുടെയും പാര്‍ട്ടിയുടെയും വികസനത്തിന് വേണ്ടിയാണെന്നാണ് ആരോപണം.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിരവധി ബാറുകള്‍ അനുവദിച്ചു. യുഡിഎഫിന്റെ കാലത്ത് ബാറുകള്‍ അനുവദിക്കുമ്പോഴൊക്ക മതമേലധ്യക്ഷന്മാരുടെ വ്യാപകമായ എതിര്‍പ്പിന് കാരണമാവുകയും പലപ്പോഴും നല്കിയ അനുമതികള്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇടതുസര്‍ക്കാര്‍ അത്തരം തീരുമാനങ്ങള്‍ എടുക്കുമ്പോഴൊക്കെ മദ്യവിരുദ്ധ സംഘടനകളും മതമേലധ്യക്ഷന്മാരുമൊക്കെ ഉറക്കം നടിച്ചിരിക്കുകയാണ് പതിവ്. കാരണം സിപിഎം എടുക്കുന്നത് രാഷ്ട്രീയതീരുമാനങ്ങളാണ്. അതില്‍ മത ജാതിസംഘടനകളെ ഇടപടാന്‍ അവര്‍ അനുവദിക്കാറില്ല. അതുകൊണ്ട് ഒരു മതസംഘടനയും ഇടതുമുന്നണിയുടെയുടെ അബ്കാരി നയത്തിനെതിരെ ഒരക്ഷം മിണ്ടാറുമില്ല.
വരുന്ന തെരഞ്ഞെടുപ്പിന് വേണ്ടി കേരളത്തിന് പുറത്ത് നിന്നുള്ള വന്‍കിട മദ്യ വ്യവസായികളുടെ കോടിക്കണക്കിന് രൂപയുടെ സംഭാവന പ്രതീക്ഷിച്ചുകൊണ്ടാണ് സിപിഎം അബ്കാരിനയത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതെന്ന് പ്രതിപക്ഷം പറയുന്നുണ്ടെങ്കിലും ഈ മാറ്റങ്ങള്‍ ടൂറിസം രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഏതായാലും ജൂണ്‍ നാലിന് ശേഷം മദ്യനയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് വരാൻ പോകുന്നതെന്ന സൂചന സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. കേവലം ഒരു നയം മാറ്റമല്ല ഇത്, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കം സിപിഎം തുടങ്ങിയെന്നതിന്റെ സൂചന കൂടിയാണ്