പി സി ജോര്‍ജ്ജ് ബി ജെ പിയിൽ ചേർന്നപ്പോള്‍ തന്നെ പത്തനംതിട്ടയില്‍ നിന്നും പാര്‍ലമെന്റിലേക്ക് മല്‍സരിക്കാന്‍ ഉദ്ദേശിച്ചാണ് ഈ നീക്കമെന്ന് പലരും പറഞ്ഞിരുന്നു. ബിജെപിയുടെ ഉന്നത നേതൃത്വത്തിലുള്ളവര്‍ അത് രഹസ്യമായി സമ്മതിക്കുകയും ചെയ്തിരുന്നു.
പത്തനംതിട്ടയില്‍ പിസി ജോര്‍ജ്ജ് മല്‍സരിച്ചാല്‍ തീപാറുന്ന പോരാട്ടം കാഴ്ചവക്കാന്‍ കഴിയുമെന്ന് തന്നെയായിരുന്നു സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. പക്ഷെ സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ പൂഞ്ഞാര്‍ സിംഹം വെട്ടിപ്പോയി. പകരം എറണാകുളത്ത് മല്‍സരിക്കുമെന്ന് കരുതപ്പെട്ടിരുന്ന അനില്‍ ആന്റണി അവിടെ സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തു. തന്ത്രജ്ഞനായ ജോര്‍ജ്ജിന് ഈ കടുംവെട്ട് മണത്തറിയാന്‍ കഴിഞ്ഞില്ല. തന്നെ വെട്ടിയത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന് തുഷാറും ചേര്‍ന്നാണെന്നാണ് പിസി ജോര്‍ജ്ജ് ആരോപിക്കുന്നത്. അതില്‍ സത്യമില്ലാതില്ല.
വെള്ളാപ്പള്ളി നടേശനും പി സി ജോര്‍ജ്ജും തമ്മില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ കൊടിയ ശത്രുതയിലാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്.
ഏതാണ്ട് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ പ്രസംഗത്തിനിടയില്‍ ജോര്‍ജ്ജ് ഈഴവ സമുദായത്തെ ആക്ഷേപിച്ചുവെന്ന് പറഞ്ഞ് വലിയ കോലാഹലമാണ് വെള്ളാപ്പള്ളിയും അദ്ദേഹത്തിന്റെ സംഘടനയും ഉണ്ടാക്കിയത്. പിസി ജോര്‍ജ്ജിന്റെ പൂഞ്ഞാറിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്കുന്ന ബിഡിജെഎസ് കേരളത്തിലെ ബിജെപിയുടെ ഘടകകക്ഷിയാണ്. അവര്‍ നാലിടങ്ങളില്‍ മല്സരിക്കുന്നുമുണ്ട്. തങ്ങളുടെ സമുദായത്തെ ആക്ഷേപിച്ച പിസി ജോര്‍ജ്ജിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പിന്തുണക്കാന്‍ കഴിയുകയില്ലെന്നാണ് അച്ഛന് വെള്ളാപ്പള്ളിയും മകന് വെളളാപ്പള്ളിയും ഒരേ സ്വരത്തില്‍ പറഞ്ഞത്. കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമെല്ലാം ആ സമുദായത്തില്‍ പെട്ടവരുമാണ്.
ഇതുമാത്രമാണോ പിസി ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വം വെട്ടിപ്പോയതിന് പിന്നില്‍ ? മറ്റൊരു കളി കൂടി ഇതിനിടയില്‍ നടന്നുവെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്കുന്ന സൂചന. പത്തനംതിട്ടയില്‍ പിസി ജോര്‍ജ്ജിനെ ബിജെപി സ്ഥാനാര്‍ത്ഥി ആക്കിയാൽ ഈഴവര്‍ ബഹുഭൂരിപക്ഷമുള്ള ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മല്‍സരിക്കുന്ന കേന്ദ്രമന്ത്രി വി മുരളീധരന് അത് വലിയ തിരിച്ചടിയുണ്ടാക്കും. എന്നാൽ പിസി ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വം തൃശൂരില്‍ ക്രിസ്ത്യന്‍ വോട്ടു പ്രതീക്ഷിച്ചു മല്‍സരിക്കുന്ന സുരേഷ് ഗോപിക്ക് ഗുണവും ചെയ്യും. എന്നുവച്ചാല്‍ പി സി ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വം വി മുരളീധരന് തിരിച്ചടിയാകുമ്പോള്‍ സുരേഷ് ഗോപിക്ക് ഗുണം ചെയ്യും. അങ്ങിനെ ഞങ്ങള്‍ക്ക് പണി കിട്ടി സുരേഷ് ഗോപി രക്ഷപെടേണ്ടാ എന്ന സുരേന്ദ്രന്- മുരളീധരന് കമ്പനിയുടെ നിലപാടാണ് പി സി ജോര്ജ്ജി്ന്റെ സ്ഥാനാര്‍ത്ഥി മോഹത്തെ വെള്ളാപ്പള്ളിമാരെ മുൻനിർത്തി തല്ലിക്കെടുത്തിയതിന് പിന്നിലെ മറ്റൊരു താല്പര്യം എന്നാണ് ബിജെപിയിലെ അകത്തള സംസാരം.
സുരേഷ്ഗോപിക്കുണ്ടെന്ന് ബിജെപി വിശ്വസിക്കുന്ന തൃശൂരിലെ ജയസാധ്യത ആ പാര്‍ട്ടിയില്‍ ഉണ്ടാക്കിയിരിക്കുന്ന ആന്തരിക പൊട്ടിത്തെറിയുടെ സാക്ഷ്യപത്രം കൂടിയാണ് പത്തനംതിട്ടയിലെ ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥിത്വ നിഷേധം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥാനാര്‍ത്ഥിയെന്ന സുരേഷ് ഗോപിയുടെ ഇമേജ് കേരളാ ബിജെപിയിലെ നേതാക്കള്‍ക്ക് അല്‍പ്പം പോലും പഥ്യമല്ല എന്നതാണ് സത്യം. അതേ സമയം കേരളത്തില്‍ ബിജെപിക്കൊപ്പം ആളെക്കൂട്ടാന്‍ കഴിയുന്ന ഏക നേതാവ് സുരേഷ് ഗോപി മാത്രമാണെന്ന് കേന്ദ്ര ബിജെപി നേതൃത്വത്തിന് നന്നായി അറിയാം. അത് കൊണ്ടാണ് ആര് എസ് എസിലെ ഒരു വിഭാഗം പാരവച്ചിട്ടുകൂടി സുരേഷ് ഗോപിയെ തൃശൂരില്‍ തന്നെ നിര്‍ത്താന്‍ കേന്ദ്ര നേതൃത്വം തിരുമാനിച്ചത്. ജോര്‍ജ്ജിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചത് തീവ്രക്രൈസ്തവ ഗ്രൂപ്പുകളെ പ്രകോപിപ്പിക്കുമെന്നും അത് തൃശൂരില്‍ സുരേഷ് ഗോപിക്ക് വിനയാകുമെന്നും ബിജെപിയുടെ ഉന്നതനേതൃത്വം കൃത്യമായി വായിച്ചെടുത്തിട്ടുണ്ട്.
ആരെ തോല്‍പ്പിക്കണമെന്ന് വെള്ളാപ്പള്ളി ആഹ്വാനം ചെയ്താല്‍ അയാളെ ജയിപ്പിക്കാന്‍ അദ്ദേഹത്തിന്റെ സമുദായമടക്കം മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ് ഇതിന് മുമ്പ് കേരളത്തില്‍ കണ്ടിട്ടുള്ളത്. ആ വെള്ളാപ്പള്ളിയുടെ ഭീഷണിമൂലം പി സി ജോര്‍ജ്ജിന് സീറ്റ് നിഷേധിച്ചത് പോത്തിനെ ചാരി പശുവിനെ തല്ലിയതാണെന്ന് വ്യക്തമാകാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല