ആര്‍എസ്എസിനും സംഘപരിവാറിനും ഇനിയൊരു ഗാന്ധിയെ വേണം. അതിനുള്ള പണി നരേന്ദ്രമോദി തന്ത്രപരമായി തുടങ്ങിക്കഴിഞ്ഞു. റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത് 1982ല്‍ പുറത്തിറങ്ങിയ ഗാന്ധി എന്ന സിനിമക്ക് മുൻപ് മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന രാജ്യത്തെങ്ങും അമ്പരപ്പും അത്ഭുതവും ഉയര്‍ത്തി. എന്നാല്‍ മോദിയെയും ആര്‍എസ്എസിനെയും അറിയാവുന്നവര്‍ ഒരിക്കലും അത് അവരുടെ അറിവില്ലായ്മയായി കണക്കാക്കില്ല. മറിച്ച് പുതിയൊരു ഗാന്ധിയെ രൂപപ്പെടുത്താനുള്ള, എന്നുവച്ചാല്‍ ആര്‍എസ്എസിനും ബിജെപിക്കും മോദിക്കുമൊക്കെ കൈകാര്യം ചെയ്യാന്‍ പാകത്തിലുള്ള ഗാന്ധിയെ പരുവപ്പെടുത്താനുള്ള തന്ത്രപരമായ ഒരു നീക്കമാണെന്ന് മനസിലാകും.
ആര്‍എസ്എസിനെ നിരോധിച്ച സര്‍ദാര്‍ പട്ടേലിനെ ആദ്യം തന്നെ സംഘപരിവാരം തട്ടിയെടുത്തു. പിന്നീട് ബിആര്‍ അംബ്ദകറെ ആര്‍എസ്എസ് തങ്ങളുടെ ആരാധനാ വിഗ്രഹമാക്കി. ഇനി ഗാന്ധിയെക്കൂടി തട്ടിയെടുക്കണം. സ്വന്തമായി ദേശീയ നേതാക്കള്‍ ഇല്ലാത്തത് കൊണ്ട് കോണ്‍ഗ്രസ്- സോഷ്യലിസ്റ്റ് പാര്‍ട്ടികളിലെ ചരിത്രപുരുഷന്മാരെ തട്ടിയെടുക്കുക എന്ന പണി എഴുപതുകളില്‍ ജനസംഘത്തിന്റെ കാലം മുതല്‍ തുടങ്ങിയതാണ്. നെഹ്റുവിനെ ഒരു വശത്തും ഗാന്ധി, പട്ടേല്‍, അംബ്ദകര്‍ എന്നിവരെ മറുവശത്തും അണിനിരത്തുക എന്ന തന്ത്രമാണ് ആര്‍എസ്എസ് പ്രയോഗിക്കുന്നത്.
കോണ്‍ഗ്രസിനെ പൊളിക്കണമെങ്കില്‍ അതില്‍ നിന്നും ഗാന്ധിയെ എടുത്തുമാറ്റണമെന്ന് മോദി മനസ്സിലാക്കിയിട്ടുണ്ട്. ഗാന്ധിയും കോണ്‍ഗ്രസും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം മുറിക്കുക എന്ന വലിയൊരു രാഷ്ട്രീയ തന്ത്രമാണ് മോദിയുടെ വാക്കുകളിലൂടെ ഇതള്‍ വിരിയുന്നത്. എന്തുകൊണ്ട് ഗാന്ധിയെ സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസ് അവഗണിച്ചു എന്നതായിരിക്കും മോദിയുടെ അടുത്ത ചോദ്യം, അതിനുത്തരവും അദ്ദേഹം പറയും. നെഹ്റു കുടുംബത്തിനു കോണ്‍ഗ്രസിനെയും ഇന്ത്യയെയും തീറെഴുതാന്‍ വേണ്ടിയെന്നായിരിക്കും അത്. അങ്ങനെ ഗാന്ധിയെ നെഹ്റുവിനെതിരെ തിരിക്കുക എന്ന സൃഗാല തന്ത്രമാണ് മോദിയും ആര്‍എസ്എസും കൈക്കൊള്ളുന്നത്. ഇത് വിജയിച്ചാല്‍ കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിയോടെ നേരിടാമെന്നാണ് ബിജെപിയുടെ കണക്കൂകൂട്ടല്‍.
ഈ തെരഞ്ഞെടുപ്പിൽ തങ്ങള്‍ ഉദ്ദേശിക്കുന്നത്ര സീറ്റുകള്‍ നേടാന്‍ കഴിയുമോ എന്ന സംശയത്തില്‍ നിന്നാണ് ഗാന്ധിയെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ രൂപപ്പെട്ടിരിക്കുന്നത്. കേവലഭൂരിപക്ഷത്തിന് 30 സീറ്റുകള്‍ വരെ കുറയാം എന്ന സൂചന ബിജെപിക്കുണ്ട്. അത് കൊണ്ട് മതേതരപശ്ചാത്തലമുള്ള പാര്‍ട്ടികളുടെ പിന്തുണ സര്‍ക്കാര്‍ രൂപീകരിക്കാൻ വേണ്ടി വരുമെന്ന ഭയവും അവര്‍ക്കുണ്ട്. അപ്പോള്‍ ധൈര്യത്തിന് കയ്യില്‍ അല്‍പ്പം ഗാന്ധിയിരിക്കുന്നത് നല്ലതാണെന്ന് മോദിക്ക് തോന്നിയിട്ടുണ്ടാകും. വരുംകാല ഇന്ത്യയില്‍ ഗാന്ധിയെ കൊലപ്പെടുത്തിയ പ്രത്യയശാസ്ത്രം പേറുന്നവര്‍ എന്ന അപഖ്യാതി തലയില്‍ കൊണ്ടുനടക്കാന്‍ ആര്‍എസ്എസും ആഗ്രഹിക്കുന്നില്ല.
ഇന്ത്യ എന്നാല്‍ വിദേശികള്‍ക്ക് ഇപ്പോഴും ഗാന്ധിയുടെ നാടാണ്. ഇന്ത്യയിലെ ഹിന്ദുത്വ ഭരണകൂടത്തിന്റെ ന്യുനപക്ഷ- ജനാധിപത്യ വിരുദ്ധ സ്വേച്ഛാധിപത്യ ഭരണത്തെക്കുറിച്ച് ലോകമെങ്ങും വലിയ വിമര്‍ശനങ്ങള്‍ ഉയരുന്ന കാലമാണിത്. electoral autocracy എന്നാണ് മോദി ഭരണകൂടത്തെ വിദേശ രാജ്യത്തെ അക്കാദമിക പണ്ഡിതർ വിളിക്കുന്നത്. അത്തരം ചീത്തപ്പേരുമായി ഇനി മുന്നോട്ട് നീങ്ങാന്‍ കഴിയുകയുമില്ല. അപ്പോള്‍ ഇത്തരം ബ്ളാക്ക് മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍ ഗാന്ധിയും അംബ്ദക്കറും ഒക്കെ തങ്ങളുടെ കൂടെ വേണമെന്ന് ബിജെപി ആഗ്രഹിക്കുന്നുണ്ട്.
ഗാന്ധിയെക്കുട്ടയിലാക്കുക അത്ര എളുപ്പമല്ലെന്ന് മോദിക്കും ബിജെപിക്കും അറിയാം. കാരണം ആര്‍എസ്എസ് എന്തിന് വേണ്ടി നിലകൊള്ളുന്നോ അതിന് നേരെ എതിര്‍വശത്താണ് ഗാന്ധിയുടെ സ്ഥാനം. അപരമതവിദ്വേഷവും വംശയീതയും വര്‍ഗീയതയും ഒരിക്കലും ഗാന്ധിക്കൊപ്പം ചേർത്തുവെക്കാൻ കഴിയില്ല. എന്നാല്‍ ബിജെപിയുടെ ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം ഏറെക്കുറെ തീര്‍ന്നിരിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370, രാമക്ഷേത്രം, പൗരത്വഭേദഗതി നിയമം ഇവയെല്ലാം എടുത്ത് പ്രയോഗിച്ചു കഴിഞ്ഞു. ഇനിയുള്ളത് ഏകീകൃത സിവില്‍കോഡ് മാത്രമാണ്. അത് ഉപയോഗിക്കാന്‍ ബിജെപിക്ക് ഭയവുമാണ്. കാരണം ഇന്ത്യയിലെ ഭൂരിപക്ഷമായ ഹിന്ദുക്കള്‍ക്കിടയില്‍ തന്നെ ഒരോ വിഭാഗത്തിനും ഓരോ പ്രദേശത്തിനും വ്യത്യസ്തമായ കുടുംബ വ്യക്തി നിയമങ്ങളാണ്. അതെല്ലാം ഒറ്റ സിവില്‍ നിയമത്തിന് കീഴെ കൊണ്ടുവരിക അത്ര എളുപ്പമല്ല. അപ്പോള്‍ ചെയ്യാവുന്നത് ഇനി ഗാന്ധിയെ പിടിക്കുക എന്ന ഗിമ്മിക്കാണ്.
1948 ജനുവരി ആദ്യവാരത്തില്‍ പൂനയില്‍ നിന്നും ഡല്‍ഹിയിലേക്ക് തീവണ്ടി കയറിയ ആറ് പേരും പരസ്പരം പറഞ്ഞത് ഈ പോക്കില്‍ നമ്മള്‍ക്ക് ഗാന്ധിയെ പിടിക്കണമെന്നാണ്. ഗാന്ധിയെന്ന ഭൗതികദേഹത്തെ അവര്‍ക്ക് ഇല്ലതാക്കാന്‍ കഴിഞ്ഞു. എന്നാല്‍ നെഹ്റുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഗാന്ധി എന്ന വെളിച്ചം നിന്നുകത്തുകയാണ്, അനാദി കാലം അതങ്ങനെ ജ്വലിച്ചു നിൽക്കും.