പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെ വിവേകാനന്ദ ധ്യാനമണ്ഡപത്തില്‍ ഒരു ദിവസം മുഴുവന്‍ ധ്യാനത്തിലിരിക്കാനെത്തുകയാണ്. മെയ് 31ന് ധ്യാനമണ്ഡപത്തിലെത്തി ഒരു ദിവസം മുഴുവൻ അവിടെ ചിലവഴിക്കുമെന്നാണ് തമിഴ്നാട് ബിജെപി വ്യക്തമാക്കിയിട്ടുള്ളത്. ഇതിന് മുമ്പ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കേദാര്‍നാഥ് ഗുഹയിലും പ്രധാനമന്ത്രി ഒരു ദിവസം ധ്യാനത്തിലിരുന്നിരുന്നു. രാഷ്ട്രീയത്തില്‍ തനിക്ക് പ്രയോജനം ലഭിക്കുന്ന എന്തിനും നീതികരണമുണ്ടെന്നാണ് മോദിശാസ്ത്രം. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് കാര്യമായ സാന്നിധ്യം ഉള്ളത് കര്‍ണ്ണാടകയില്‍ മാത്രമാണ്. തമിഴ്നാട്, കേരളം, ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങളില്‍ ചില സീറ്റുകള്‍ നേടാന്‍ കഴിഞ്ഞുവെന്നല്ലാതെ വലിയൊരു രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ അവര്‍ക്ക് ഇതുവരെ കഴിഞ്ഞില്ല. മോദി മിഷന് 2024ലെ പ്രധാന ഇനം തന്നെ ദക്ഷിണേന്ത്യയായിരുന്നു. ഇത്തവണ വീണ്ടും ഭരണം പിടിക്കുകയാണെങ്കില്‍ 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വലിയ തട്ടകമായിരിക്കും ദക്ഷിണേന്ത്യ എന്ന കാര്യത്തില്‍ സംശയമില്ല.
വിവേകാനന്ദമണ്ഡപത്തില് ധ്യാനത്തിലിരിക്കുന്നത് വിവേകാനന്ദനോടുള്ള ബഹുമാനമോ ആരാധനയോ കൊണ്ടാണെന്ന് ധരിച്ചെങ്കില്‍ അതത്ര ശരിയാവാന്‍ വഴിയില്ല. തമിഴ്നാട്ടിലെ ലോക്സഭാ സീറ്റുകളിൽ ബിജെപി കണ്ണുവെച്ചിട്ട് നാളു കുറെയായി. ഏതെങ്കിലും ഒരു ദ്രാവിഡ പാര്‍ട്ടി തകര്‍ന്നാല്‍ ആ ഗ്യാപ്പില്‍ തങ്ങള്‍ക്ക് കളം പിടിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ജയലളിതയുടെ മരണശേഷം എഐഎഡിഎംകെ ദിനംപ്രതി ശിഥിലീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നേതാക്കള്‍ തമ്മിലുള്ള മല്‍സരത്തില്‍ പാര്‍ട്ടി ശോഷിച്ചു ശോഷിച്ചില്ലാതാവുകയാണ്. ഒരു കാലത്ത് തമിഴ്നാട്ടില്‍ പ്രതീക്ഷ നല്കിയ ദളിത് പാര്‍ട്ടികളും പതിയെ വിസ്മൃതിയിലേക്ക് മറഞ്ഞുകൊണ്ടിരിക്കുന്നു. കോണ്‍ഗ്രസാണെങ്കില്‍ ഡിഎംകെയുടെ സഖ്യകക്ഷി മാത്രമാണ്. അപ്പോള്‍ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് നല്ല വളക്കൂറുള്ള മണ്ണാണ് തമിഴ്നാട് എന്ന് മോദിക്കും ബിജെപിക്കും അറിയാം. തമിഴ്നാട് പിടിച്ചാല്‍ അതിന്റെ അലയൊലി കേരളത്തിലും ഉണ്ടാകുമെന്നും അവര്‍ കണക്കുകൂട്ടുന്നു. കേരളവും തമിഴ്നാടും അടങ്ങുന്ന ഒരു പാക്കേജാണ് ബിജെപിയുടെ തെന്നിന്ത്യന്‍ രാഷ്ട്രീയം. ഇത് രണ്ടും ആ പാര്‍ട്ടിയുടെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ്. എന്നുവച്ചാല്‍ പ്രധാനമന്ത്രി തെക്ക് കന്യാകുമാരിയില്‍ വന്ന് ധ്യാനിക്കുന്നത് ബിപി കുറക്കാനോ നടുവേദന മാറ്റാനോ അല്ല, മറിച്ച് തമിഴ്നാട്, കേരളം എന്നീ രണ്ട് ആപ്പിളുകള്‍ കൂടി ബിജെപിയുടെ കുട്ടയിലേക്ക് കൊണ്ടുവരാനാണ്.
തെരഞ്ഞെടുപ്പ് തുടങ്ങിയ സമയത്തെ ആത്മവിശ്വാസം പ്രധാനമന്ത്രിക്കും ബിജെപിക്കും ഇല്ലെങ്കിലും ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്ന് തന്നെയാണ് അവര്‍ വിശ്വസിക്കുന്നത്. ഇനി കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ ആന്ധ്രപ്രദേശിലെ ജഗന്മോഹന് റെഡ്ഡിയെ പോലുള്ളവരെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കേവല ഭൂരിപക്ഷത്തിനുള്ള 272 സീറ്റില്‍ നിന്നും 40 സീറ്റുകള്‍ പോയാല്പ്പോലും ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയായിരിക്കും. ന്യായമായും അവരെയായിരിക്കും രാഷ്ട്രപതി സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക. ചെറുപാര്‍ട്ടികളെ തങ്ങള്‍ക്കൊപ്പം ചേര്‍ത്ത് ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്നാണ് ഇന്ത്യാസഖ്യത്തിന്റെ അനുമാനം. എന്നാല്‍ ബിജെപിയുടെ സീറ്റ് 200-220ലേക്ക് താഴ്ന്നാല്‍ ഇന്ത്യാമുന്നണിക്ക് അധികാരത്തിലേക്കുള്ള പാത കുറെക്കൂടി എളുപ്പമാകും.
ഇതിനിടയില്‍ തമിഴ്നാട് കേന്ദ്രീകരിച്ച് ബിജെപി മറ്റൊരു നീക്കം കൂടി നടത്തുന്നുണ്ടെന്ന സൂചനയമുണ്ട്. ബിജെപിയുടെ പഴയ സഖ്യകക്ഷിയാണ് ഡിഎംകെ. വാജ്പേയ് സര്‍ക്കാരില്‍ നിര്‍ണ്ണായക വകുപ്പുകള്‍ കൈകാര്യം ചെയ്തവരുമാണ്. കേവല ഭൂരിപക്ഷത്തിന് 10-15 സീറ്റുകളുടെ മാത്രം കുറവുണ്ടായാല്‍ ഡിഎംകെയെ തങ്ങള്‍ക്കൊപ്പം കൂട്ടാമെന്നുള്ള പ്രതീക്ഷ ബിജെപിക്കുണ്ട്. സ്റ്റാലിനെ സംബന്ധിച്ചിടത്തോളം ഒന്നര വര്‍ഷത്തിനുള്ളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മകന് ഉദയനിധിയെ കടിഞ്ഞാണ്‍ ഏല്‍പ്പിച്ച് വിശ്രമിക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉദയനിധിയെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കും എന്ന ഒരു കരക്കമ്പി തമിഴകത്തുണ്ട്. സ്റ്റാലിന് ശേഷം വരുന്നവരാരും അത്ര ശക്തരല്ലെന്ന വസ്തുത ബിജെപിക്ക് സന്തോഷകരമാണ്. ഉദയനിധിയെ സ്റ്റാലിനെക്കാള്‍ എളുപ്പത്തില്‍ തങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും അവർ കരുതുന്നു. ഇത്തരത്തിലൊരു രാഷ്ട്രീയ നീക്കവും ധ്യാനത്തിനിടയില്‍ ഇതള്‍ വിരിഞ്ഞേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
ഏതായാലും ബിജെപിയുടെ വരുംകാല തേരോട്ടങ്ങളുടെ ഭൂമിക തെന്നിന്ത്യയാണെന്ന് അവര്‍ ഉറപ്പിച്ചു കഴിഞ്ഞു. തമിഴ്നാട്ടില്‍ ന്യൂനപക്ഷവിഭാഗങ്ങളുടെ മൊത്തം ജനസംഖ്യ വെറും 12 ശതമാനത്തില്‍ താഴെയാണ്. കേരളത്തിലേത് പോലെ 47 ശതമാനം ന്യുനപക്ഷങ്ങള്‍ മറ്റു നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇല്ല. അതുകൊണ്ട് അവിടങ്ങളില്‍ കാര്യങ്ങള്‍ താരതമ്യേന എളുപ്പമാണ് എന്ന് ബിജെപി കരുതുന്നു. തമിഴ്നാടും ആന്ധ്രയും ഒക്കെ കൈപ്പിടിയിലായാല്‍ പിന്നെ കേരളത്തിനും മടിച്ചുനില്ക്കാനാകില്ലന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.