ജോസ് കെ മാണിക്കായി സിപിഎം ത്യാഗം ചെയ്യുമോ എന്ന ചോദ്യം നാളുകളായി കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍ അലയടിക്കുകയായിരുന്നു. സിപിഎം വിട്ടുവീഴ്ച ചെയ്യുമെന്ന് ജോസ്മോൻ പോലും വിചാരിച്ചില്ല. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ഇടതുപക്ഷത്ത് നിന്ന് ഒഴിഞ്ഞുപോയതും സഭകളുടെ സിപിഎം വിരോധവും ഇനിയും തുടർന്നാൽ മധ്യകേരളത്തില്‍ ഇടതുമുന്നണി പച്ചതൊടില്ലെന്ന തിരിച്ചറിവാണ് പിണറായി വിജയനെ വീണ്ടു വിചാരത്തിന് പ്രേരിപ്പിച്ചത്. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റുകൊടുത്തില്ലെങ്കില് വരുന്ന തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരളാ കോണ്‍ഗ്രസ് മുന്നണി വിടുമെന്ന് സിപിഎം മനസിലാക്കി. ഇതോടെയാണ് സിപിഎമ്മിന്റെ സീറ്റ് ഉപേക്ഷിച്ചുകൊണ്ടായാലും ജോസ് കെ മാണിയെ മുന്നണിയില്‍ പിടിച്ചുനിര്‍ത്തണമെന്ന് സിപിഎം തീരുമാനിച്ചത്.
പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ചാലക്കുടി എന്നീ മണ്ഡലങ്ങളില്‍ ക്രൈസ്തവ വോട്ടുകള്‍ ഭൂരിഭാഗവും യുഡിഎഫിലേക്ക് മറിഞ്ഞപ്പോള്‍, തൃശൂരില്‍ ആ വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് കിട്ടി. മുസ്ളീം -ക്രൈസ്തവ വോട്ടുകള്‍ ഒരേസമയം തങ്ങളെ കൈവിടുകയും ഹൈന്ദവരുടെ വോട്ട് വലിയ തോതില്‍ ബിജെപി കൊണ്ടുപോവുകയും ചെയ്യുന്ന അവസ്ഥയില്‍ ജോസ് കെ മാണിയെക്കൂടി യുഡിഎഫില്‍ എത്തിക്കുന്നത് അബദ്ധമായിരിക്കുമെന്ന് സിപിഎം തിരിച്ചറിഞ്ഞു. കോട്ടയം ജില്ലയില്‍ നിന്നുള്ള മന്ത്രിയും പിണറായിയുടെ വിശ്വസ്തനുമായ വിഎന്‍ വാസവനാണ് ജോസ് കെ മാണിക്ക് സീറ്റ് കൊടുത്തില്ലെങ്കില്‍ പണി പാളുമെന്ന മുന്നറിയിപ്പ് പിണറായിക്ക് നല്‍കിയത്. അപകടം മണത്ത മുഖ്യമന്ത്രി നേരിട്ടിറങ്ങി ജോസ് കെ മാണിയെ സമാശ്വസിപ്പിച്ചു. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുവരെയെങ്കിലും ഇടതുമുന്നണിയില്‍ തുടരാന്‍ ഒരു കാരണം കിട്ടിയിരിക്കുകയുമാണ്.
നിലവില്‍ മൂന്ന് രാജ്യസഭാ എംപിമാരാണ് സിപിഎമ്മിനുള്ളത്. ജോണ്‍ബ്രിട്ടാസ്, എഎ റഹിം, വി ശിവദാസന്‍ എന്നിവരാണവര്‍. നാലാമതൊരെണ്ണത്തിനായി പല പേരുകള്‍ സിപിഎമ്മില്‍ ഉയര്‍ന്നുകേട്ടു. ദേശാഭിമാനി എഡിറ്റര്‍ ആയ എം സ്വരാജിന്റെതുള്പ്പെടെ. ലോക്സഭയില്‍ ആകെ നാല് സീറ്റുമാത്രമാണ് സിപിഎമ്മിനുള്ളത്. രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്നും ഒരാള്‍കൂടി വന്നാല്‍ അവിടെയും നാലാകും. സിപിഎമ്മിന്റെ ഇപ്പോഴത്തെ അവസ്ഥയനുസരിച്ച് എത്രയും എംപിമാരെ കിട്ടുമോ അത്രയും പേരെ ഇരുസഭകളിലുമായി അണിനിരത്തി ദേശീയ തലത്തില്‍ രാഷ്ട്രീയ പ്രാധാന്യം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇതിനെക്കാളെല്ലാം പിണറായിക്ക് പ്രധാനം ജോസ് കെ മാണി ഇടതുമുന്നണിയിൽ തുടരണം എന്നതായിരുന്നു. സിപിഐയുടെ സീറ്റ് അവര്‍ക്ക് കൊടുക്കാതിരിക്കാന്‍ ഏതായാലും കഴിയില്ല. കാരണം മുന്നണി മര്യാദ അനുസരിച്ച് ഇടതുമുന്നണിക്കായി രാജ്യസഭയില്‍ രണ്ടു സീറ്റ് വന്നാല്‍ രണ്ടാമത്തേത് സിപിഐക്ക് അവകാശപ്പെട്ടതാണ്. ജോസ് കെ മാണിയോട് അത്രക്ക് പ്രിയമാണെങ്കില്‍ സിപിഎം സ്വന്തം സീറ്റ് കൊടുക്കട്ടേ എന്ന നിലപാടാണ് സിപിഐ എടുത്തത്.
ബിനോയ് വിശ്വം സിപിഐ സെക്രട്ടറിയായിട്ട് കുറച്ച് മാസങ്ങളേ ആയുള്ളു. സിപിഎമ്മിന് വഴങ്ങിക്കൊടുക്കുന്നയാളാണ് താനെന്ന ധാരണ ഉണ്ടാക്കാന്‍ ബിനോയ് വിശ്വം ആഗ്രഹിക്കുന്നുണ്ടായില്ല. അതുകൊണ്ടാണ് അദ്ദേഹം സീറ്റിന്റെ കാര്യത്തില്‍ കടുംപിടുത്തം പിടിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റത് മൂലം സിപിഐയുടെ കമ്മിറ്റികളിലൊക്കെ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. അതുകൂടെ മുന്‍നിര്‍ത്തി ഇനി സിപിഐയെ പിണക്കുന്നതും അപകടമാണെന്ന് പിണറായിക്കു തോന്നി. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പിണറായി പറയുന്നത് വേദവാക്യമായത് കൊണ്ട് രാജ്യസഭയിലേക്ക് ഇത്തവണ ആരും പോകേണ്ടന്ന് അദ്ദേഹം തന്നെ തീരുമാനിച്ചു, അത് നടപ്പാക്കുകയും ചെയ്തു.
ജോസ് കെ മാണിക്ക് രാഷ്ട്രീയമായി പുതുജീവന്‍ കിട്ടിയിരിക്കുകയാണ്. ഇപ്പോൾ രാജ്യസഭാ സീറ്റ് കിട്ടിയില്ലെങ്കില്‍ ഗ്രൂപ്പില്‍ നിന്ന് ജോസഫിലേക്കും മറ്റു പാര്‍ട്ടികളിലേക്കും താഴെത്തട്ടില്‍ നിന്നും ഒഴുക്കുണ്ടാവുമെന്ന് അദ്ദേഹം ഭയന്നിരുന്നു. ഇടതുമുന്നണിയില്‍ സ്വാധീനം ഇല്ലെന്ന് കണ്ടാല്‍ പാര്‍ട്ടി ഭാരവാഹികള്‍ പോലും വിലവെക്കില്ലെന്നും ജോസ് കെ മാണിക്ക് നന്നായി അറിയാം. അതുകൊണ്ട് രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ എന്ത് റിസ്ക് എടുക്കാനും അദ്ദേഹം തയ്യാറായിരുന്നു. റിസ്ക് എടുത്താല്‍ അതിന്റെ ഫലം ഉണ്ടാകുമെന്നത് ജോസ് കെ മാണിക്ക് ഏതായാലും ഒരു പുതിയ അറിവായിരിക്കണം.