ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ഉണ്ടായതിന്റെ പിറ്റേദിവസം മുതൽ ഉയരുന്ന ആവശ്യമാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നത്. സംസ്ഥാന സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടും കേന്ദ്രം വഴങ്ങിയിട്ടില്ല. ഉരുൾപൊട്ടൽ മുന്നറിയിപ്പിനെ ചൊല്ലിയുള്ള തർക്കം വിവാദത്തിലാണ് കലാശിച്ചത്. ദുരന്ത നിവാരണത്തിൽ കേന്ദ്രത്തിന്റെ ചുമലിൽ അധിക ബാധ്യത വരുന്നതുകൊണ്ടാണ് ദേശീയ ദുരന്തമായുള്ള പ്രഖ്യാപനം കേന്ദ്രം വൈകിപ്പിക്കുന്നത്.
പത്താം ധനകാര്യ കമ്മീഷനാണ് ദുരന്തത്തെ കൈകാര്യം ചെയ്യേണ്ട മാർഗനിർദേശം മുന്നോട്ടുവയ്ക്കുന്നത്. ഒരു സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകളെ ബാധിക്കുന്ന ദുരന്തത്തെ അപൂർവ തീവ്രതയുള്ള ദുരന്തം എന്നാണ് വിളിക്കുക. 2013-ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കവും 2014-ലെ ആന്ധ്രാപ്രദേശിലെ ഹുദ്ഹുദ് ചുഴലിക്കാറ്റും തീവ്രമായ ദുരന്തങ്ങളായി തരംതിരിച്ചിട്ടുണ്ട്. 2005ലെ ദേശീയ ദുരന്ത നിവാരണ നിയമത്തിൽ ദേശീയ ദുരന്തമെന്നോ സംസ്ഥാന ദുരന്തം എന്നോ തരംതിരിവില്ല. 2018ലും 2019ലും കേരളത്തിലുണ്ടായ പ്രളയവും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല. ചെന്നൈ നഗരത്തിലുണ്ടായ വ്യാപകമായ വെള്ളപ്പൊക്കത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും കേന്ദ്രസർക്കാർ അംഗീകരിച്ചില്ല.
സംസ്ഥാനത്തിന് ശേഷി കുറയുമ്പോൾ അടിയന്തര ആവശ്യത്തിനുള്ള ഫണ്ടിൽ നിന്നാണ് അധിക സഹായം പരിഗണിക്കേണ്ടത്. ഇതിനുള്ള 100 ശതമാനം ധനസഹായം കേന്ദ്രസർക്കാരാണ് നൽകുന്നത്.ദുരന്തത്തിന് ഇരയാവുന്നവരുടെ വായ്പാ തിരിച്ചടവിലെ ആശ്വാസമടക്കം നൽകാൻ കഴിയും. ദേശീയ ദുരന്തം എന്ന് പ്രത്യേകം നിയമത്തിൽ എടുത്തുപറഞ്ഞിട്ടില്ല എന്നതിനാൽ അങ്ങനെയൊരു പ്രഖ്യാപനം നടക്കില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ദേശീയദുരന്തമായി പ്രഖ്യാപിച്ചാലുള്ള നേട്ടങ്ങൾ എന്തൊക്കെ ?
ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ സംസ്ഥാനത്തിന് കേന്ദ്രത്തിൻെറ അധിക പിന്തുണ ലഭിക്കും
ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നുള്ള അധിക സഹായവും കേന്ദ്രം നൽകേണ്ടി വരും.
3:1 അനുപാതത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ പങ്കിട്ടാണ് ദുരന്ത നിവാരണ ഫണ്ട് (CRF) രൂപീകരിക്കുക.
സംസ്ഥാന വിഭവങ്ങൾ അപര്യാപ്തമെങ്കിൽ ദേശീയ ദുരന്ത കണ്ടിജൻസി ഫണ്ടിൽ (NCCF) നിന്ന് അധിക സഹായം നൽകും
NCCF ന് 100% ധനസഹായം നൽകുന്നത് കേന്ദ്ര സർക്കാറാണ്.
വായ്പകളുടെ തിരിച്ചടവിലെ ആശ്വാസം, ദുരന്ത ബാധിതർക്ക് ഇളവ് വ്യവസ്ഥകളിൽ പുതിയ വായ്പകൾ എന്നിവ അനുവദിക്കുന്നതും പരിഗണിക്കും
2009ലെ ദേശീയ ദുരന്ത നിവാരണ നയം അനുസരിച്ചാണ് ധനസഹായത്തിന്റെ രീതി തീരുമാനിക്കുക
കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ദേശീയ ക്രൈസിസ് മാനേജ്മെൻ്റ് കമ്മിറ്റിയാണ് ദേശീയ ദുരന്തത്തിന്റെ സാമ്പത്തിക സഹായങ്ങൾ കൈകാര്യം ചെയ്യുക
വിവിധ കേന്ദ്ര മന്ത്രാലയ സംഘങ്ങൾ നാശനഷ്ടങ്ങളും ആവശ്യമായ ദുരിതാശ്വാസ സഹായങ്ങളും വിലയിരുത്തും
ഇൻ്റർ മിനിസ്റ്റീരിയൽ ഗ്രൂപ്പ് മൂല്യനിർണ്ണയം നടത്തിയ ശേഷമാണ് എൻഡിആർഎഫ്-എൻസിസിഎഫ് സഹായത്തിൻ്റെ തോത് ശുപാർശ ചെയ്യുക
ധനമന്ത്രി ചെയർമാനും ആഭ്യന്തരമന്ത്രി, കൃഷിമന്ത്രി, മറ്റ് അംഗങ്ങളും ഉൾപ്പെടുന്ന ഉന്നതതല സമിതിയാണ് കേന്ദ്രസഹായത്തിന് അംഗീകാരം നൽകുന്നത്