ജയിലില്‍ നിന്നിറങ്ങിയ ഉടനെ താന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്കുകയാണെന്ന പ്രഖ്യാപിച്ചതിലൂടെ അരവിന്ദ്കെജ്രിവാള്‍ ലക്ഷ്യമിട്ടതെന്തായിരുന്നു? ബിജെപിക്കെതിരെ കൃത്യവും സമയോചിതവുമായ ഒരു രാഷ്ട്രീയ തന്ത്രമാണ് അദ്ദേഹം പ്രയോഗിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ പലതും റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജിപ്രഖ്യാപനത്തിലൂടെ കെജ്രിവാള് ലക്ഷ്യമിട്ടത് വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപിയുടെ തേരോട്ടം തടയുക എന്ന് തന്നെയാണ്. 2025 ഫെബ്രുവരിയില്‍ ഡല്‍ഹി പിടിക്കേണ്ടത് ബിജെപിയുടെ അഭിമാനത്തിന്റെ പ്രശ്നമാണ്. അതിന് വേണ്ടിയാണ് അരവിന്ദ് കെജ്രിവാളിനെയും രണ്ടാമനായ മനീഷ് സിസോദിയേയും മാസങ്ങളോളം അകത്തിട്ടത്. ഡല്ഹിപിടിക്കാനുള്ള ബിജെപിയുടെ ആഗ്രഹം നന്നായി അറിയാവുന്ന കെജ്രിവാള് അതിനു തടയിടുക എന്ന ലക്ഷ്യത്തോടെയാണ് രാജിപ്രഖ്യാപനം നടത്തിയത് .
എന്താണ് കെജ്രിവാളിന്റെ ഉദ്ദേശം?
അരവിന്ദ് കെജ്രിവാള് ജയിലില്‍ കിടന്നപ്പോഴൊക്കെ മുഖ്യമന്ത്രി സ്ഥാനം രാജിവക്കണമെന്ന് ബിജെപി നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതെല്ലാം അവഗണിച്ച അദ്ദേഹം ജയിലില്‍ നിന്നും ഇറങ്ങിയ ഉടനെ തന്നെ താന്‍ 48 മണിക്കൂറിനകം രാജിവക്കുമെന്ന് പ്രഖ്യാപിച്ചതെന്ത് കൊണ്ടാണ് എന്ന ചോദ്യമാണ് ഉയരുന്നത്.
പ്രധാനമായും അഞ്ച് ലക്ഷ്യങ്ങളാണ് കെജ്രിവാളിനുള്ളത്
- 2025 ഫെബ്രുവരിയിലാണ് ഡല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കേണ്ടത്. അത് നവംബറില്‍ മഹാരാഷ്ട്ര തെരെഞ്ഞെടുപ്പിനൊപ്പം നടത്തണമെന്ന ഉദ്ദേശമാണ് ഇപ്പോള്‍ കെജ്രിവാളിന്റെ മനസിലുള്ളത്. 2025 വരെ തെരെഞ്ഞെടുപ്പ് നീണ്ടുപോകുന്നതിനെക്കാള് വരുന്ന മാസങ്ങള്‍ക്കുള്ളില്‍ നടത്തിയാല്‍ തനിക്ക് അധികാരത്തില്‍ തിരിച്ചുവരാമെന്ന് അദ്ദേഹം കരുതുന്നു. സുപ്രീംകോടതി മുന്നോട്ടുവച്ചുള്ള ജാമ്യ നിബന്ധനകള്‍ പ്രകാരം ഡല്‍ഹി മുഖ്യമന്ത്രിയെന്ന നിലയില്‍ നിര്‍ണ്ണായകമായ ഫയലുകള്‍ കാണാനോ ഒപ്പുവയ്കാനോ കെജ്രിവാളിന് കഴിയില്ല. അതുകൊണ്ട് മുഖ്യമന്ത്രിയായിരുന്നാലും പ്രധാനപ്പെട്ട തിരുമാനങ്ങള്‍ ഒന്നും അദ്ദേഹത്തിന് കൈക്കൊള്ളാനും കഴിയില്ല. അതോടൊപ്പം തന്നെ ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ തീഷ്ണതയോടെ പ്രചാരണം നടത്താന്‍ കഴിയുന്നത് ഇപ്പോഴാണന്നും അദ്ദേഹം കരുതുന്നു. തെരെഞ്ഞെടുപ്പ് നീണ്ടുപോയാല്‍ വിഷയത്തിന്റെ ചൂടാറുമെന്നും അദ്ദേഹം ഭയപ്പെടുന്നു. ഇനി അഥവാ തെരെഞ്ഞെടുപ്പ് ഫ്രെബ്രുവരിയില്‍ നടത്തിയാല്ഡല്ഹിക്ക് പുതിയ മുഖ്യമന്ത്രിയുണ്ടാകുമെന്നും അവരുടെ കീഴിലായിരിക്കും എഎപി തെരെഞ്ഞെടുപ്പിനെ നേരിടേണ്ടിവരികയെന്നുമുള്ള സൂചനയാണ് കെജ്രിവാള് നല്‍കുന്നത്. പുതിയ മുഖ്യമന്ത്രിയാകുമ്പോള്‍ കെജ്രിവാളിനെതിരായ ബിജെപിയുടെ ആക്രമണത്തിന്റെ ശക്തികുറയും.
- അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അധികാരത്തില്‍ പിടിച്ചു തൂങ്ങിക്കിടക്കാന് ശ്രമിച്ചുവെന്ന ചീത്തപ്പേര് ഒഴിവാക്കാന്‍ രാജിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം കരുതുന്നു. 2011 ല്‍ ആംആദ്മിപാര്‍ട്ടി രൂപീകരിച്ചത് തന്നെ അഴിമതിക്കെതിരായ ജനമുന്നേറ്റമെന്ന പേരിലാണ്. ഇപ്പോള്‍ എഎപിയുടെ നേതാക്കളില്‍ പ്രമുഖരെല്ലാം അഴിമതിയാരോപണങ്ങളില്‍ കുടുങ്ങുകയും കേസുകളില്‍ പെടുകയും ചെയ്തിരിക്കുകയാണ്. രാജിവച്ച് തെരെഞ്ഞെടുപ്പിന് നേരിട്ടാല്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്നും അതുവഴി അഴിമതിയാരോപണങ്ങളുടെ മുനയൊടിക്കാമെന്നും കെജ്രിവാള് കരുതുന്നുണ്ട്.
- 2013 മുതല്‍ ചെറിയൊരിടവേള മാറ്റി നിര്‍ത്തിയാല്‍ അരവിന്ദ് കെജ്രിവാള് തന്നെയാണ് ഡല്‍ഹി മുഖ്യമന്ത്രി. ഇത്രയും കാലമുള്ള ഭരണം ജനങ്ങള്‍ക്കിടയില്‍ തന്നോട് ഒരസംതൃപ്തി സൃഷ്ടിച്ചിരിക്കാമെന്ന് അദ്ദേഹം കരുതുന്നുണ്ട്. ഈ അസംതൃപ്തിയൊഴിവാക്കാന് തനിക്ക് പകരം തന്റെ ഒരു പാവ മുഖ്യമന്ത്രിയെ സ്ഥാപിച്ചാല്‍ കഴിയുമെന്നും ഈ തന്ത്രശാലി വിശ്വസിക്കുന്നു.
- 2024 ലെ ലോക്സഭാ തെരെഞ്ഞെടുപ്പ് ഫലം ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിരുന്നു. അതില്‍ നിന്നും മുക്തമാകാന്‍ അവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആര്‍എസ്എസിന്റെ പിന്തുണയും ഇപ്പോള്‍ കാര്യമായി അവര്‍ക്ക് ലഭിക്കുന്നില്ല.അതുകൊണ്ട് നവംബര്‍ മാസത്തില്‍ മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും നടക്കുന്ന തെരെഞ്ഞെടുപ്പിനൊപ്പം ഡല്‍ഹിയിലും നടത്തിയാല്‍ ബിജെപിയെ തറപറ്റിക്കാമെന്ന് അദ്ദേഹം കരുതുന്നു.
- ഡല്‍ഹിയെ രാഷ്ട്രപതി ഭരണത്തിന് കീഴിലാക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുവെന്ന സൂചന അരവിന്ദ് കെജ്രിവാളിന് ലഭിച്ചിരുന്നു. അങ്ങിനെ വന്നാല്‍ നിയമസഭാ തെരെഞ്ഞെടുപ്പ് പിന്നെയും നീണ്ടുപോകും. അതൊഴിവാക്കാനുള്ള തന്ത്രം കൂടിയാണ് രാജിവയ്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം
ഏതായാലും ഡല്‍ഹിയില്‍ കാര്യങ്ങള്‍ പഴയതുപോലെ എളുപ്പമല്ലന്ന് മറ്റാരെക്കാളും നന്നായി അദ്ദേഹത്തിനറിയാം അതുകൊണ്ട് വളരെ സൂക്ഷിച്ചാണ് അദ്ദേഹം നീങ്ങുന്നത്. ബിജെപി ഡല്ഹിപിടിക്കുന്ന സാഹചര്യമുണ്ടായാല്‍ പിന്നെ ആംആദ്മിപാര്‍ട്ടിക്ക് പെട്ടെന്നൊരു തിരിച്ചുവരവില്ലന്ന് കെജ്രിവാളിന് ഉറപ്പുണ്ട്.