ആനിരാജ എന്തുകൊണ്ട് വയനാട്ടില്‍ മല്‍സരിക്കാനെത്തി എന്ന ചോദ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ ചർച്ച ചെയ്യപ്പെടുന്നുണ്ട്. രാഹുല്‍ ഗാന്ധിയുമായി വ്യക്തിപരമായി വളരെ അടുപ്പമുള്ള നേതാവാണ് സിപിഐ അഖിലേന്ത്യാ സെക്രട്ടറിയും ആനിരാജയുടെ ഭര്‍ത്താവുമായ ഡി രാജ. (അങ്ങിനെ അടുപ്പമുള്ള മറ്റൊരാള്‍ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്.) കോണ്‍ഗ്രസിനെയും രാഹുല്‍ഗാന്ധിയെയും സംബന്ധിച്ചിടത്തോളം വയനാടിനേക്കാൾ സുരക്ഷിതമായ ഒരു ലോക്സഭാ മണ്ഡലം ഇപ്പോള്‍ ഇന്ത്യയിലില്ലെന്ന് എല്ലാവര്‍ക്കുമറിയാം. കാരണം ബിജെപിക്ക് രാഷ്ട്രീയമായോ ഭരണപരമായോ യാതൊരു ഇടപെടലും നടത്താൻ ശേഷിയില്ലാത്ത മണ്ഡലമാണിത്. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ തുടങ്ങിയ വലിയ തോതില്‍ മുസ്ലിം ജനവിഭാഗം ഉള്ള അസംബ്ളി മണ്ഡലങ്ങളും ക്രൈസ്തവർക്ക് സ്വാധീനമുള്ള സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മണ്ഡലങ്ങളും വയനാട് ലോക്സഭാ മണ്ഡലത്തിലാണ്. വയനാട് വേണ്ടെന്ന് വച്ച് വേറെ എവിടെയെങ്കിലും മല്‍സരിക്കാന്‍ രാഹുല്‍ ആലോചിക്കുക പോലുമില്ല.
ഇടതുമുന്നണിയില്‍ വയനാട് സിപിഐയുടെ മണ്ഡലമാണ്. അവിടെ സിപിഐ അഖിലേന്ത്യാ സെക്രട്ടറി ഡി രാജയുടെ ഭാര്യ ആനിരാജ തന്നെ മല്‍സരിക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടായിരിക്കും? എതിർക്കേണ്ടത് രാഹുല്‍ ഗാന്ധിയായാലും വയനാട്ടിൽ ഒരു രാഷ്ട്രീയമത്സരം നടക്കണമെന്ന് സിപിഐ നേതൃത്വം തീരുമാനിച്ചത് കൊണ്ടാണെന്നൊക്കെയാണ് പാര്‍ട്ടി അണികളും നേതാക്കളും പുറമേ പറയുന്നത്. എന്നാല്‍ സിപിഐ എന്ന പാര്‍ട്ടിയുടെ അകത്തളങ്ങളില്‍ കേള്‍ക്കുന്ന ചില ചര്‍ച്ചകള്‍ ആ വഴിക്ക് ചിന്തിക്കാന്‍ നമ്മളെ പ്രേരിപ്പിക്കില്ല. അതിനുള്ള കാരണമിതാണ്. സിപിഐയുടെ ദേശീയ നിർവാഹകസമിതി അംഗവും വനിതാ ഫെഡറേഷന് ജനറല്‍ സെക്രട്ടറിയും അഖിലേന്ത്യാ സെക്രട്ടറി ഡി രാജയുടെ ഭാര്യയും സര്‍വ്വോപരി കണ്ണൂര്ക്കാരിയുമായ ആനിരാജക്ക് കേരളാ രാഷ്ട്രീയത്തിലേക്ക് കളം മാറാനും ചുവട് ഉറപ്പിക്കാനും നേരത്തെ തന്നെ വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ കാനം രാജേന്ദ്രന് എന്ന കേരളത്തിലെ സിപിഐയുടെ സര്വ്വസൈന്യാധിപന് ഒരു കാരണവശാലും ആനിരാജയെ സംസ്ഥാനത്തേക്ക് അടുപ്പിക്കില്ലെന്ന വാശിയിലായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാൻ ആനിരാജക്ക് താല്പര്യമുണ്ടായിരുന്നു. അവര്‍ ജയിക്കാനുള്ള സാധ്യതയുമുണ്ടായിരുന്നു. എന്നാല്‍ കാനം രാജേന്ദ്രന് ആ നീക്കത്തെ വാഴയില വെട്ടും പോലെ വെട്ടി. കാരണം അവര്‍ മല്‍സരിച്ചു ജയിച്ചാല്‍ മന്ത്രിയാക്കണം. മന്ത്രിയാക്കിയാല്‍ പിന്നെ പാര്‍ട്ടിയില്‍ അവരുടെ പ്രാധാന്യം കൂടും. കാനം മാത്രമല്ല പിണറായി വിജയനും സംസ്ഥാനത്തേക്കുള്ള അവരുടെ വരവ് ആഗ്രഹിച്ചില്ല. നാടിന്റെയും നാട്ടാരുടേയും നന്മ മാത്രം ലാക്കാക്കി നിസ്വാർത്ഥ രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ആനിരാജ അഴിമതിക്ക് കൂട്ടുനിൽക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യില്ലെന്ന് നേതാക്കൾക്കെല്ലാം അറിയാം. അതുകൊണ്ടു തന്നെ ആനിരാജ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നത് തടയേണ്ടത് കാനം-പിണറായി കമ്പനിയുടെ പൊതുതാല്പര്യമായിരുന്നു. ഈ ഒഴിവാക്കലിന്റെ പേരില്‍ സംസ്ഥാന നേതൃത്വത്തോടുള്ള രോഷം ഉള്ളിലൊതുക്കി കഴിയുകയായിരുന്നു ആനിരാജ ഇതുവരെ. തന്നെ അടുപ്പിക്കാത്ത ദേഷ്യത്തിന് പിണറായിയുടെ പൊലീസ് ഭരണത്തിനെതിരെ അവർ ചില നെടുങ്കന്‍ പ്രസ്താവനകള്‍ നടത്തിയെങ്കിലും അതൊന്നും പാര്‍ട്ടി നിലപാടല്ലെന്ന് പരസ്യമായി പറഞ്ഞ് കാനം രാജേന്ദ്രന് തള്ളിക്കളഞ്ഞു.
കാനത്തിന്റെ മരണശേഷം താരതമ്യേന സൗമ്യനായ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായതോടെ ആനിരാജ തന്റെ മോഹം വീണ്ടും പൊടി തട്ടിയെടുത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ രീതി അനുസരിച്ച് അഖിലേന്ത്യ സെക്രട്ടറിയാരായാലും പ്രാദേശികമായി ആരൊക്കെ മല്‍സരിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് അവിടുത്തെ പാര്‍ട്ടി ഘടകങ്ങള്‍ ആണ്. കേരളത്തില്‍ ആരു മല്‍സരിക്കണമെന്ന് സംസ്ഥാന കമ്മിറ്റിയാണ് അന്തിമമായി തീരുമാനിക്കുക. കാനം രാജേന്ദ്രന്റെ കാലശേഷം ഡി രാജയോട് അടുപ്പമുള്ള ബിനോയ് വിശ്വം സെക്രട്ടറിയായപ്പോള്‍ ആനിരാജയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം വളരെ എളുപ്പം തീരുമാനിക്കപ്പെട്ടു.
രാഹുലാണെങ്കില്‍ വയനാട്ടില്‍ ജയിച്ചു കയറുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ആനിരാജയെ സംബന്ധിച്ചിടത്തോളം കേരള രാഷ്ട്രീയത്തില്‍ ഉറച്ചു നില്ക്കാനൊരു തട്ടകം കിട്ടിയെന്നതാണ് യാഥാര്‍ത്ഥ്യം. നല്ലൊരു ലോഞ്ച്പാഡ്. രാഹുലിനെതിരെ സ്ഥാനാർത്ഥിയാവുമ്പോൾ ദേശീയതലത്തിൽ കിട്ടുന്ന മാധ്യമശ്രദ്ധ ബോണസാണ്. ഭര്‍ത്താവിനൊപ്പം വളരെക്കാലം പാര്‍ട്ടിയുടെ കേന്ദ്ര ആസ്ഥാനത്ത് കഴിഞ്ഞ അവര്‍ക്ക് തട്ടകത്തിലേക്ക് തിരിച്ചുപോരാനും ഇവിടെ രാഷ്ട്രീയ പ്രവര്‍ത്തനം പുനരാരംഭിക്കാനും ആഗ്രഹമുണ്ടാവുക സ്വാഭാവികമാണ്. ഇത്രയും നാള് കേരളത്തിലെ ഔദ്യോഗിക നേതൃത്വം അവര്ക്കെതിരായതു കൊണ്ടാണ് അതു നടക്കാതെ പോയത്. മീനാക്ഷി തമ്പാന് ശേഷം കേരളത്തിലെ സിപിഐയിൽ തലയെടുപ്പുള്ള ഒരു വനിതാ നേതാവ് ഉണ്ടായിട്ടുമില്ല.
രാഹുല്‍ ഗാന്ധി മല്സരിക്കാതിരുന്നാല് മാത്രമേ വയനാട്ടിലെ ചിത്രം വ്യത്യസ്തമാകൂ. അങ്ങനെയൊരു തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടാകാൻ സാധ്യതയുമില്ല. അതുകൊണ്ട് ഈ മല്‍സരം കേരളരാഷ്ട്രീയത്തിലേക്കുള്ള ആനിരാജയുടെ മാസ് എന്ട്രിയാവുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. വരും വര്‍ഷങ്ങളില്‍ സിപിഐക്ക് ഒരു വനിതാ സംസ്ഥാന സെക്രട്ടറിയുണ്ടായാലും അത്ഭുതപ്പെടാനില്ല