വിഴിഞ്ഞം അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്മെന്റ് പദ്ധതിയുടെ ഉദ്ഘാടന സമയത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച ഏക സിപിഎം നേതാവ് ഒരു പക്ഷെ സ്പീക്കര്‍ എഎം ഷംസീര്‍ മാത്രമാകും. അദ്ദേഹമൊഴിച്ചുള്ള സിപിഎം നേതാക്കളെല്ലാം മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടുകയായിരുന്നു. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അത്യപൂര്‍വ്വമായ സംഭവമാണിത്. വിഴിഞ്ഞം പദ്ധതി പൂര്‍ത്തീകരണത്തിന്റെ പൊന്‍തൂവല്‍ പിണറായി വിജയന് മാത്രം അവകാശപ്പെട്ടതെന്നാണ് സിപിഎമ്മിന്റെ നിലപാട്. അതിനെതിരെ പരസ്യമായ നിലപാടാണ് സ്പീക്കര്‍ എഎം ഷംസീര്‍ കൈക്കൊണ്ടത്. പഴയ കാലമായിരുന്നെങ്കില്‍ ഷംസീറിന്റെ നിലപാട് തികച്ചും ആത്മഹത്യാപരമായിരുന്നേനെ, പാര്‍ട്ടി വിരുദ്ധമെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാകുന്ന ഇത്തരം നിലപാട് എടുക്കുന്നയാളെ കടുത്ത പാര്‍ട്ടി നടപടിക്ക് വിധേയനാക്കുന്ന സംഘടനാ രീതിയാണ് സിപിഎമ്മിനുണ്ടായിരുന്നത്. എന്നാല്‍ എഎം ഷംസീറിനെതിരെ അത്തരത്തിലൊരു നടപടിയുണ്ടാകാനുളള യാതൊരു സാധ്യതയും ഇപ്പോഴില്ല.
‘ആദരണീയനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും, ആത്മസമര്‍പ്പണവും ഓര്‍ക്കാതെ ഈ ചരിത്ര നിമിഷം പൂര്‍ത്തിയാകില്ല’ എന്നാണ് ഷംസീര്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഉദ്ഘാടന പ്രസംഗത്തിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉമ്മന്‍ചാണ്ടിയുടെ പേര് പറയാതിരിക്കാന്‍ ശ്രദ്ധിച്ചപ്പോഴാണ് ഷംസീര്‍ അദ്ദേഹത്തെ ഓര്‍മിച്ചത്. സാമൂഹ്യമാധ്യമങ്ങളിലടക്കം സിപിഎം സൈബര്‍ സംഘങ്ങള്‍ വിഴിഞ്ഞം തുറമുഖത്ത് മുഖ്യമന്ത്രിമാത്രം നില്ക്കുന്ന ചിത്രം പോസ്റ്റു ചെയ്താണ് ഉദ്ഘാടനം ആഘോഷിച്ചത്.
എന്തുകൊണ്ടായിരിക്കും സ്പീക്കര്‍ എ എം ഷംസീര്‍ മാത്രം ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ചത്്? സിപിഎമ്മില്‍ ഉരുത്തിരിഞ്ഞുവരുന്ന പുതിയ രാഷ്ട്രീയ ചേരികളുടെ സൂചനതന്നെയാണിത്. തന്നെക്കാള്‍ ജൂനിയറായ മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയിട്ട് തന്നെ ഒതുക്കിയതിന്റെ എതിര്‍പ്പ് എഎം ഷംസീര്‍ നിരവധി തവണ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് ഷംസീറിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ടത്. അങ്ങിനെ ആവശ്യപ്പെട്ട് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കോടിയേരി വിടവാങ്ങുകയും ചെയ്തു. അതോടെ കോടിയേരിയുടെ അവസാനത്തെ ആഗ്രഹം നടപ്പിലാക്കേണ്ടത് പാര്‍ട്ടിയുടെ ബാധ്യതയായി മാറി. എന്നാ്ല്‍ ഷംസീറിനെ മുഹമ്മദ് റിയാസിനൊപ്പം മന്ത്രിയാക്കാന്‍ പിണറായി വിജയന് അശേഷം താല്പര്യമില്ലായിരുന്നു . ഇതേ തുടര്‍ന്നുള്ള ആലോചനയിലാണ് സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിയാക്കി പകരം എഎം ഷംസീറിനെ സ്്പീക്കറാക്കാനുള്ള തീരുമാനം ഉണ്ടായത്.
രണ്ടുതവണ തുടര്‍ച്ചയായി ജയിച്ചവര്‍ മാറി നില്‍ക്കണമെന്നാണ് സിപിഎം പാര്‍ട്ടി തലത്തിലെടുത്തിട്ടുള്ള തിരുമാനം. അങ്ങനെ വരുമ്പോള്‍ വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ എഎം ഷംസീറിന് തലശേരി നിയമസഭാ സീറ്റ് വിട്ടുകൊടുക്കേണ്ടി വരും. അതേ സമയം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് വീണ്ടും മല്‍സരിക്കുകയും ചെയ്യാം. കാരണം 2021 ലേത് അദ്ദേഹത്തിന്റെ ആദ്യ മല്‍സരമായിരുന്നു. സിപിഎമ്മിന്റ ഉറച്ച സീറ്റായ തലശേരി മണ്ഡലത്തില്‍ നിന്നും തന്നെ പുകച്ച് പുറത്ത് ചാടിക്കാനുള്ള നീക്കമാണിതെന്ന് എഎം ഷംസീറിന് നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് അദ്ദേഹം അസ്വസ്ഥനാകുന്നത്.
1996 ല്‍ മുഖ്യമന്ത്രിയാകാന്‍ ഉപതെരെഞ്ഞെടുപ്പില്‍ ഇകെ നയനാര്‍ മല്‍സരിച്ച മണ്ഡലമാണ് തലശേരി. അത്രക്കുറപ്പായ സീറ്റ് അങ്ങിനയങ്ങ് മറ്റൊരു സിപിഎം നേതാവിന് വിട്ടുകൊടുക്കാന്‍ ഷംസീറിന് മടിയാണ് എന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള സംസാരം. ഉമ്മന്‍ചാണ്ടിയുടെ ആത്മസമര്‍പ്പണത്തെ അനുസ്മരിച്ചുകൊണ്ടുള്ള പോസ്റ്റ് അദ്ദേഹമിട്ടത് വെറുതയല്ലന്ന് സാരം. രാഷ്ട്രീയം സാധ്യതകളുടെ കലയാണ്. സിപിഎമ്മില്‍ തനിക്ക് കാര്യമായ ഇടം ഇനിയുണ്ടാകില്ലന്ന് മനസിലായാല്‍ പിന്നെ അദ്ദേഹം ചില നിലപാടുകള്‍ എടുത്തേക്കുമെന്ന സൂചനയുണ്ട്. അതാണ് പെട്ടെന്ന് അദ്ദേഹം ഉമ്മന്‍ചാണ്ടിയുടെ നിസ്തുലമായ സംഭാവന ഓര്‍ക്കാന്‍ കാരണമെന്ന് സിപിഎം വൃത്തങ്ങള്‍ തന്നെ സൂചന നല്‍കുന്നുണ്ട്.