ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ രാഷ്ട്രീയപാര്ട്ടികളിലൊന്നാണ് നൂറ്റിമുപ്പത്താറ് വയസായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. സ്വാതന്ത്ര്യസമരനാളുകളിലും സ്വാതന്ത്ര്യത്തിന് ശേഷം ഏതാണ്ട് കാല് നൂറ്റാണ്ടുകാലവും ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ അപ്രമാദിത്വം തന്നെയായിരുന്നു. ദേശീയതലത്തിൽ കോൺഗ്രസിന് എതിർപ്പ് തീരെ ഇല്ലായിരുന്നുവെന്നുതന്നെ പറയാം. ഒരു കാലത്ത് രാജ്യത്തെ എല്ലാ ലോക്സഭാ സീറ്റിലും മല്‍സരിച്ചിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാൽ ഈ തെരെഞ്ഞെടുപ്പില്‍ കോൺഗ്രസ് മല്‍സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറവ് സീറ്റിലാണ്. ഏതാണ്ട് 300 മണ്ഡലങ്ങളിലാണ് കോൺഗ്രസ് ഇത്തവണ സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. സഖ്യകക്ഷികളുമായി വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമെന്ന് കോണ്‍ഗ്രസ് മനസിലാക്കിക്കഴിഞ്ഞുവെന്ന് വ്യക്തം.
ബിജെപി ഇതര കക്ഷികളെ പരമാവധി കൂടെ നിര്‍ത്തി, കാര്യമായി വിട്ടുവീഴ്ച ചെയ്ത് വലിയൊരു തെരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം കുറിക്കുകയാണ് കോണ്‍ഗ്രസ്. ബിജെപിയാണ് മുഖ്യശത്രുവെന്ന് തിരിച്ചറിഞ്ഞ് ബിജെപി വിരുദ്ധരായ എല്ലാ പാര്‍ട്ടികളെയും തങ്ങളുടെ പക്ഷത്ത് നിർത്താനാണ് കോൺഗ്രസിന്റെ ശ്രമം. ഒരുകാലത്ത് ബിജെപിയെക്കാള്‍ രൂക്ഷമായി വർഗീയത പറഞ്ഞിരുന്ന സാക്ഷാല്‍ ബാല്‍ താക്കറേയുടെ ശിവസേനയെ വരെ കൂട്ടിച്ചേര്‍ത്താണ് ബിജെപി വിരുദ്ധമുന്നണിയുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുന്നത്. 1996ലെ തെരഞ്ഞെടുപ്പില്‍ 540 അംഗ ലോക്സഭയിലെ 529 സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. അന്ന് 140 സീറ്റുകളിലാണ് ജയിച്ചത്. അതൊക്കെ പഴംകഥയായി. രാജ്യവും പാര്‍ട്ടിയും അപകടാവസ്ഥയിലാണന്ന തിരിച്ചറിവാണ് താന്പോരിമയെല്ലാം മാറ്റിവച്ചുള്ള ഈ പോരാട്ടത്തിന് കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്. ഇതുവരെ 278 സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. യുപിയിലെ അമേഠി, റായ്ബറേലി എന്നിവയടക്കം വിവിധ സംസ്ഥാനങ്ങളിലായി ഏതാനും സീറ്റുകളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്. അതുകൂടി കൂട്ടിയാല്‍ കോണ്‍ഗ്രസ് പരാമാവധി മല്‍സരിക്കുക മുന്നൂറു സീറ്റിലായിരിക്കും.
ഈ മൂന്നൂറ് സീറ്റില്‍ ഏതാണ്ട് 225 സീറ്റിലാണ് കോണ്‍ഗ്രസിന് വിജയസാധ്യതയുള്ളത്. അതുകൊണ്ട് ആ സീറ്റുകൾ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പല സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികള്‍ക്കു സ്വാധീനമുള്ള സീറ്റുകള്‍ അവര്‍ക്ക് വിട്ടുകൊടുക്കാനും സീറ്റിന്റെ കാര്യത്തില്‍ പിടിവാശി വേണ്ടെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് നിര്‍ണായകമായത്. ബിജെപിയാകട്ടെ കഴിഞ്ഞ തവണത്തേക്കാൾ കൂടുതല്‍ സീറ്റുകളില്‍ മല്‍സരിക്കുകയാണ്. 2004ലെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചിരുന്നു. അന്ന് 417 സീറ്റുകളിലാണ് പാര്‍ട്ടി മല്‍സരിച്ചത്.145 സീറ്റില്‍ ജയിക്കുകയും ചെയ്തു. അങ്ങിനെയാണ് ഇടതുപക്ഷത്തിന്റെ കൂടി പിന്തുണയോടെ ഒന്നാം യുപിഎ സര്‍ക്കാര്‍ നിലവില്‍ വന്നത്. 2009 ലെ തെരെഞ്ഞെടുപ്പില്‍ 206 സീറ്റു നേടി കോണ്‍ഗ്രസ് ബിജെപിയെ അപ്രസക്തമാക്കുകയും ചെയ്തു.
ഇത്തവണ 400 സീറ്റാണ് ലക്ഷ്യമിടുന്നതെന്ന് ബിജെപി പറയുമ്പോള്‍ കോണ്‍ഗ്രസ് ചരിത്രത്തിലാദ്യമായി ലോക്സഭയിലേക്ക് 400 സീറ്റില്‍ താഴെ മല്‍സരിക്കുകയാണ്. 1984ലെ തെരഞ്ഞെടുപ്പില്‍ ബിജെപി മല്‍സരിച്ചത് 229 സീറ്റിലായിരുന്നു. എന്നാല്‍ വിജയിച്ചത് കേവലം 2 മണ്ഡലങ്ങളിൽ മാത്രം. 2019ല്‍ എത്തിയപ്പോള്‍ അതേ ബിജെപി 436 സീറ്റില്‍ മത്സരിക്കുകയും 303 ഇടത്ത് വിജയിക്കുകയും ചെയ്തു. 421 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസാകട്ടെ 52 സീറ്റിലേക്ക് മൂക്കുകുത്തി. കഴിഞ്ഞ തവണ കോണ്‍ഗ്രസ് മത്സരിച്ച 421 സീറ്റുകളില്‍ 196 ഇടത്ത് രണ്ടാം സ്ഥാനത്തും 173 മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തും എത്തിയിരുന്നു. 17 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് 5 ശതമാനത്തില്‍ താഴെ വ്യത്യാസത്തില്‍ തോറ്റത്. ബാക്കി സീറ്റുകളിലെല്ലാം വലിയ വോട്ട് വ്യത്യാസത്തിലാണ് തോറ്റത് എന്നുചുരുക്കം. ഇത്തരത്തില്‍ പരാജയപ്പെട്ട സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് വിട്ടുനല്‍കി, ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനാണ് കോണ്‍ഗ്രസ് ഇത്തവണ ശ്രമിക്കുന്നത്.
2019ല്‍ 67 സീറ്റില്‍ മത്സരിച്ച ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുമായിയുള്ള സഖ്യത്തിന്റെ ഭാഗമായി 17 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. രാജസ്ഥാനില്‍ സിപിഎം അടക്കം കക്ഷികള്‍ക്ക് കോണ്‍ഗ്രസ് സീറ്റുകള്‍ നല്കി. കഴിഞ്ഞ പ്രാവശ്യം കോണ്‍ഗ്രസ് ഒരു മണ്ഡലത്തില്‍ മാത്രം വിജയിച്ച ബിഹാറില്‍ ആര്‍ജെഡി 26 സീറ്റിലും കോണ്‍ഗ്രസ് 9 സീറ്റിലും മല്‍സരിക്കുന്നു. 48 ലോക്സഭാ മണ്ഡലങ്ങള്‍ ഉള്ള മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ ശിവസേന 21 സീറ്റുകളിലും, ശരദ് പവാറിന്റെ എന്‍സിപി 10 സീറ്റുകളിലും മല്‍സരിക്കുമ്പോള്‍ കോണ്‍ഗ്രസ് 17 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്സഭാ മണ്ഡലങ്ങള്‍ ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. തമിഴ്നാട്ടില്‍ 9 സീറ്റിലും പുതുച്ചേരിയില്‍ ഒരു സീറ്റിലുമാണ് കോണ്‍ഗ്രസിന്റെ പോരാട്ടം.
എത്ര സീറ്റുകളില്‍ മല്സരിക്കുന്നുവെന്നല്ല മറിച്ച് എത്രയിടത്ത് ജയിക്കുന്നുവെന്നതിലാണ് കോണ്‍ഗ്രസ് ഊന്നല്‍ കൊടുക്കുന്നതെന്ന് പാർട്ടിയുടെ സൈദ്ധാന്തികർ പറയുന്നു. ഒരു കാരണവശാലും ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോകരുതെന്ന് കോണ്‍ഗ്രസിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് വലിയ വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ട് ഇത്തരമൊരു ഉദാര തീരുമാനം പാര്‍ട്ടി എടുത്തത്. ഇന്ത്യയിലെ രാഷ്ട്രീയയാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് മനസിലാക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും തുടങ്ങിയെന്നതാണ് ഇതിനര്‍ത്ഥം.