ബാഴ്സലോണ : സ്പാനിഷ് ലീഗിലെ ആവേശ പോരാട്ടമായ എൽക്ലാസികോയിൽ റയൽ മാഡ്രിഡിന് ജയം. ബാഴ്സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എവേ മാച്ചിൽ റയൽ തോൽപ്പിച്ചത്. ഈ വിജയത്തോടെ റയൽ ലാലിഗ പോയിന്റ് പട്ടികയിൽ ഒന്നാമതായി.
ആറാം മിനിറ്റിൽ ഗുൻഡോഗൻറെ മുന്നിലെത്തിയ ബാഴ്സയെ ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ട ഗോളിലൂടെയാണ് റയൽ മറികടന്നത് . അധിക സമയത്തായിരുന്നു വിജയഗോൾ. ഇതോടെ ചാമ്പ്യൻസ് ലീഗ്, സ്പാനിഷ് ലീഗ്, എൽ ക്ലാസിക്കോ എന്നിവയിലെ അരങ്ങേറ്റത്തിൽ ഗോൾ സ്വന്തമാക്കിയ നേട്ടവും ബെല്ലിങ്ങ്ഹാം സ്വന്തമാക്കി. പട്ടികയിൽ റയൽ ഒന്നാമതും ബാഴ്സ മുന്നാമതുമാണ്.
അതേസമയം, ജർമൻ ലീഗിൽ ബയേൺ മ്യൂണിക് വമ്പൻ ജയം നേടി. എതിരില്ലാത്ത എട്ട് ഗോളുകൾക്ക് ഡാർംസ്റ്റാഡിനെയാണ് ബയേൺ മ്യൂണിക് തകർത്തെറിഞ്ഞത്. ഹാരി കെയ്ൻ ഹാട്രിക്കും മുസിയാലയും ലേറോയ് സനെയും എന്നിവർ ഇരട്ടഗോളും നേടി. ലീഗിൽ ഒമ്പത് കളിയിൽ 12 തവണയാണ് ഹാരി കെയ്ൻ വല കുലുക്കിയത്.
അതേസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണൽ ജയിച്ചപ്പോൾ ചെൽസി തോറ്റു. ആഴ്സണൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ഷെഫീൽഡ് യുണൈറ്റഡിനെയാണ് തോൽപ്പിച്ചത്. ചെൽസി ബ്രെന്റ്ഫോഡിനോട് രണ്ടു ഗോളിന് തോൽക്കുകയായിരുന്നു. നിലവിൽ ലീഗിൽ 11ാം സ്ഥാനത്താണ് ചെൽസി.