മാഡ്രിഡ്: ജീവന്റെ അവസാന കണിക അവശേഷിക്കുന്നതുവരെയും ഫൈനൽ വിസിലിനു നിമിഷാർദ്ധം മുൻപ് വരെയും റയലിനെ കരുതിയിരിക്കണം.. ..യൂറോപ്യൻ ഫുട്ബോളിൽ വിശിഷ്യാ, ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ എതിരാളിയായി കിട്ടുമ്പോൾ ഓരോ ടീമുകളും ശ്രദ്ധിക്കേണ്ട ഈ വാചകത്തിന് അവസാന ഉദാഹരണം സാന്റിയാഗോ ബെർണാബ്യുവിൽ ഇന്നലെ പിറന്നു. മൂന്നു മിനിറ്റുകൊണ്ട് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെ തീർത്തുകെട്ടിയാണ് റയൽ ആരാധകരെ ആവേശക്കൊടുമുടിയിൽ വീണ്ടും കയറ്റിയത്. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമായ റയലിന്റെ 18ാം ഫൈനൽ പ്രവേശമാണിത്. റയല്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടിയുടെ ആറാം ഫൈനലും. വെംബ്ലിയിൽ ഇക്കുറി ബൊറൂഷ്യ ഡോട്മുണ്ടാണ് റയലിന്റെ എതിരാളികൾ.
രണ്ടാം പാദ സെമി പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിനെതിരെ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു റയൽ മാഡ്രിഡിന്റെ ഐതിഹാസിക തിരിച്ചു വരവ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയലിന്റെ തകര്‍പ്പന്‍ ജയം. പകരക്കാരനായിറങ്ങിയ ഹൊസേലുവാണ് മൂന്ന് മിനിറ്റിന്റെ ഇടവേളയിൽ രണ്ട് തവണ വലകുലുക്കി റയലിന് ആവേശ ജയം സമ്മാനിച്ചത്. അൾഫോൺസോ ഡേവിസാണ് ബയേണിനായി വലകുലുക്കിയത്. അങ്ങനെ ആദ്യ പാദ സെമിയിലെ 2-2 ഗോൾ നിലക്കൊപ്പം രണ്ടാം പാദത്തിലെ 2-1 വിജയം കൂടി നേടി റയൽ ആകെ 4-3 ഗോൾ ശരാശരിയിൽ ഫൈനൽ ടിക്കറ്റ് നേടി.
കളിയുടെ തുടക്കം മുതൽ തന്നെ റയലിന്റെ ആധിപത്യമായിരുന്നു ബെർണബ്യൂവിൽ. കളി തുടങ്ങി 15 സെക്കന്റ് പിന്നിടും മുമ്പേ ബയേൺ റയലിനെതിരെ ആദ്യ കോർണർ കിക്ക് വഴങ്ങി. പിന്നെയങ്ങോട്ട് വിനീഷ്യസ് ജൂനിയറും ജൂഡ് ബെല്ലിങ്ഹാമും റോഡ്രിഗോ ഗോസും ബയേൺ ഗോൾമുഖം വിറപ്പിച്ച് കൊണ്ടേയിരുന്നു. റയലിന്റെ ആക്രമണങ്ങൾക്ക് ബയേണിന്റെ മികച്ച ചില കൗണ്ടർ അറ്റാക്കുകളും കണ്ടു. എന്നാൽ അതൊന്നും ഫലം കണ്ടില്ല. ആദ്യപകുതി ഗോള്‍രഹിതം.
രണ്ടാം പകുതിയിലാണ് ബെർണബ്യൂവിനെ നിശബ്ദമാക്കിയ അൾഫോൺസോ ഡേവിസിന്റെ ഗോൾ പിറന്നത്. 68 ാം മിനിറ്റില്‍ പന്തുമായി മൈതാനത്തിന്റെ ഇടതുവിങ്ങിലൂടെ കുതിച്ചെത്തിയ ഡേവിസ് റയൽ പ്രതിരോധ നിര പ്രതീക്ഷിക്കാത്ത നേരത്താണ് നിറയൊഴിച്ചത്. പന്ത് ഗോൾകീപ്പർ ലുനിനെയും മറികടന്ന് പോസ്റ്റിന്റെ വലതുമൂലയിൽ ചുംബിച്ചു. മത്സരത്തിന്റെ 27ാം മിനിറ്റിൽ പരിക്കേറ്റ സെർജ് ഗ്നാബ്റിയെ പിൻവലിച്ച് ഡേവിസിനെ ഇറക്കാൻ എടുത്ത തോമസ് ടുഷേലിന്റെ തീരുമാനം ശരിവക്കുന്നതായിരുന്നു അയാളുടെ പ്രകടനം.
പിന്നെയങ്ങോട്ട് ഗോൾമടക്കാനുള്ള റയലിന്റെ കൊണ്ടു പിടിച്ച ശ്രമങ്ങൾ. 69ാം മിനിറ്റിറ്റിൽ ടോണി ക്രൂസിന്റേയും ചുവാമെനിയുടേയും പകരക്കാരായി ലൂക്കാ മോഡ്രിച്ചും കാമവിങ്കയും മൈതാനത്തെത്തി. റയൽ അക്രമണങ്ങൾക്ക് മൂർച്ച കൂട്ടുകയായിരുന്നു. 81ാ മിനിറ്റിൽ കാർലോ ആൻസലോട്ടി തന്റെ ആവനാഴിയിലെ അവസാന വജ്രായുധത്തെ മൈതാനത്തേക്കിറക്കി വിട്ടു. ഫെഡറിക് വാൽവഡേക്ക് പകരക്കാരനായി ഹൊസേലു അവതരിച്ചു. ഒപ്പം റോഡ്രിഗോക്ക് പകരം ബ്രഹീം ഡിയാസുമെത്തി.
റയലിന്റെ തുടരെയുള്ള അക്രമണങ്ങളിൽ ജർമൻ കോട്ട കുലുങ്ങിത്തുടങ്ങി. ഒടുവിൽ റയൽ ആരാധകർ അക്ഷമയോടെ കാത്തിരുന്ന ആ നിമിഷമെത്തി. മൈതാനത്തിന്റെ ഇടതുവിങ്ങിലൂടെ കുതിച്ചെത്തിയ വിനീഷ്യസ് ഗോൾമുഖം ലക്ഷ്യമാക്കി ഉതിർത്ത ഷോട്ട് മാനുവൽ ന്യൂയറിന് അനായാസം കൈപ്പിടിയിലൊതുക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. എന്നാൽ പന്ത് പിടിച്ചെടുക്കുതിനിടെ ന്യൂയർക്ക് പിഴച്ചു. ഈ സമയം പെനാൽട്ടി ബോക്സിന് വെളിയിൽ നിന്ന് പറന്നെത്തിയ ഹൊസേലു പന്തിനെ വലയിലേക്ക് തിരിച്ചു. ഹൊസേലുവിന്റെ അടുത്ത ഗോളിലേക്ക് മൂന്ന് മിനിറ്റിന്റെ ദൂരമേയുണ്ടായിരുന്നുള്ളൂ. ഇക്കുറി റുഡിഗറിന്റെ പാസിൽ നിന്ന് ഒരു മനോഹര ഫിനിഷ്. റഫറി ഓഫ് സൈഡ് വിളിച്ചെങ്കിലും വാർ പരിശോധനയിൽ ഹൊസേലു ഓഫല്ലെന്ന് വ്യക്തമായിരുന്നു. ഇഞ്ചുറി ടൈമിൽ ബയേണിന്റെ ആക്രമണങ്ങളെ കോട്ടകെട്ടി കാത്ത് റയൽ ഒരിക്കൽ കൂടി ചാമ്പ്യൻസ് ലീഗ് കലാശപ്പോരിലേക്ക്.