തിരുവനന്തപുരം: കർമ്മ ന്യൂസിൽ പ്രതിപക്ഷ നേതാവിന് ഷെയറുണ്ടെന്ന പിവി അൻവർ എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏതെങ്കിലും സ്ഥാപനത്തിൽ തനിക്ക് ഷെയർ ഉണ്ടെങ്കിൽ സി പി എമ്മിന് കൈമാറാൻ തയ്യാറാണെന്ന് സതീശൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സതീശൻ.
മറുനാടനെ സംരക്ഷിക്കുന്നത് പ്രതിപക്ഷത്തിൻ്റെ ജോലിയല്ല. കോൺഗ്രസിനെ അപമാനിച്ചു വാർത്തകൾ കൊടുക്കുന്ന വ്യക്തിയാണ് ഷാജൻ. രാഹുൽ ഗാന്ധിയെ , എന്നെ, പ്രതാപനെ അങ്ങനെ മറുനാടൻ അപഹസിക്കാത്ത കോൺഗ്രസ് നേതാക്കൾ ഉണ്ടോ ? പരാതി ഉണ്ടെങ്കിൽ നിയമവഴിക്ക് പോണം, അല്ലാതെ സമൂഹ മാധ്യമത്തിൽ വെല്ലുവിളിക്കുകയല്ല വേണ്ടത്. മുഖ്യമന്ത്രിയുടെ ചെസ്റ്റ് നമ്പറിൽ പെട്ടയാളാണ് താൻ. അതുകൊണ്ട് തന്നെ അൻവർ ചെസ്റ്റ് നമ്പർ ഇട്ടലൊന്നും കുലുങ്ങാൻ പോകുന്നില്ല -സതീശൻ പറഞ്ഞു.
മാധ്യമങ്ങള്‍ക്കെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ ഭീഷണിക്കെതിരെ വിഡി സതീശന് ഇന്നലെ രംഗത്തെത്തിയിരുന്നു.മാധ്യമ സ്ഥാപനങ്ങൾക്ക് ചെസ്റ്റ് നമ്പർ കൊടുത്ത് പൂട്ടിക്കും എന്ന് ഭീഷണി മുഴക്കുന്നു. അൻവർ പറയുന്നത് അനുസരിച്ച് പൊലീസ് പോകുന്നു.അന്‍വറിന് വെല്ലുവിളിക്കാൻ ആരാണ് ധൈര്യം കൊടുക്കുന്നത്.മാധ്യമ പ്രവർത്തകരെ അധിക്ഷേപിക്കാൻ എംഎല്‍എ നേതൃത്വം നൽകുന്നു.പിന്നാലെ സൈബർ ആക്രമണം നടക്കുന്നുവെന്നും സതീശൻ പറഞ്ഞിരുന്നു.