കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ റീ കാർപ്പറ്റിങ് പൂർത്തിയായി. വിമാന സർവീസിന് പകൽസമയത്ത് ഏർപ്പെടുത്തിയ നിയന്ത്രണം അടുത്തമാസത്തോടെ പിൻവലിക്കും.
2860 മീറ്റർ റൺവേയാണ് നവീകരിച്ചത്. റൺവേ സെന്റർ ലൈനിൽ കൊറിയയിൽനിന്നെത്തിച്ച 180 ലൈറ്റുകളാണ് സ്ഥാപിച്ചതെന്ന് എയർപോർട്ട് ഡയറക്ടർ എ സുരേഷ് പറഞ്ഞു. മഴയും മഞ്ഞുമുണ്ടെങ്കിലും ലാന്‍ഡിങ് സമയത്ത് പൈലറ്റുമാർക്ക് നേർരേഖ കൃത്യമായി കാണാനാകും. മുമ്പുണ്ടായിരുന്ന ഉപരിതലം നീക്കിയാണ് കാർപ്പറ്റിങ് നടത്തിയത്. റൺവേ ഷോൾഡർ, ടാക്സി വേ നവീകരണം തുടങ്ങിയ പ്രവൃത്തികളും പൂർത്തിയാക്കി.
ജനുവരി 15ന് ആരംഭിച്ചതിൽ റൺവേയുടെ വശങ്ങളിൽ മണ്ണിട്ടുള്ള പ്രവൃത്തിമാത്രമാണ് പൂർത്തിയാക്കാനുള്ളത്. കൃത്യമായ ആസൂത്രണം പ്രവൃത്തി വേഗത്തിലാക്കി. ഡല്‍ഹി ആസ്ഥാനമായ എൻഎസ്സി കമ്പനിക്കായിരുന്നു ചുമതല.സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകുന്നതിന് നടപടികളെടുത്തു. ഇത് പൂർത്തിയാകുന്നതോടെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) പ്രവൃത്തി തുടങ്ങും. ഇരുവശങ്ങളിലും റിസ വിപുലീകരണം, ഐഎൽഎസ് ഉൾപ്പെടെയുള്ളവ മാറ്റിസ്ഥാപിക്കൽ, ഡ്രെയിനേജ് സിസ്റ്റം, റിസ അനുബന്ധ പ്രവൃത്തികൾ എന്നിവയാണ് നടത്തുക. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ 484.57 കോടി രൂപ അനുവദിച്ചു.
റൺവേയുടെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ 14.5 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതിന് സർക്കാർ അനുമതിയായി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനുകീഴിലുള്ള സാലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്വറൽ ഹിസ്റ്ററിയാണ് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. പക്ഷികളും ജീവികളും വിമാന സർവീസുകൾക്ക് സൃഷ്ടിക്കുന്ന ഭീഷണിയും പരിഹാരമാർഗങ്ങളുമാണ് റിപ്പോർട്ടിലുള്ളത്. മൂന്നുവർഷമെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.