കൊച്ചി: റിസർവ് ബാങ്ക് പുതിയ സാമ്പത്തികവർഷത്തെ ആദ്യ പണനയം വെള്ളിയാഴ്ച പ്രഖ്യാപിക്കും. കഴിഞ്ഞ ആറ് പണനയത്തിലും റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. ഇത്തവണയും പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താനാണ് സാധ്യതയെന്ന് സാമ്പത്തികവിദഗ്ധർ പറയുന്നു. വായ്പ എടുത്തവർക്കും പുതിയ വായ്പ എടുക്കാനിരിക്കുന്നവർക്കും ഇത് തിരിച്ചടിയാകും.
വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റിപ്പോ നിലവിൽ 6.5 ശതമാനമാണ്. 2022 ഏപ്രിലിൽ ഇത് നാലുശതമാനമായിരുന്നു. പിന്നീട് പണപ്പെരുപ്പം കുറയ്ക്കാനെന്നപേരിൽ 2022 മെയ്–-2023 ഫെബ്രുവരി കാലയളവിൽ ആറുതവണയായി 2.50 ശതമാനം വർധിപ്പിച്ചാണ് നിലവിലെ നിരക്കിലെത്തിച്ചത്. രാജ്യത്ത് ഭക്ഷ്യോൽപ്പന്നങ്ങളുടെ ഉൾപ്പെടെ വില ഉയർന്ന് നിൽക്കുന്നതിനാൽ 2025 സാമ്പത്തികവർഷത്തിന്റെ മൂന്നാംപാദത്തിൽ നിരക്കിളവ് പ്രതീക്ഷിച്ചാൽമതിയെന്നാണ് എസ്ബിഐയുടെ ഗവേഷണവിഭാഗം പറയുന്നത്.