മുംബൈ: മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ പണവായ്പാ നയപ്രഖ്യാപനം. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്കുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരും. വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി ‘ഉള്‍ക്കൊള്ളാവുന്നത്’ (അക്കോമഡേറ്റീവ്) നയം പിന്‍വലിക്കാനും എംപിസി യോഗത്തില്‍ ധാരണയായതായും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
പണപ്പെരുപ്പം കുറയുന്നതും മികച്ച സാമ്പത്തിക വളര്‍ച്ചയും പരിഗണിച്ചാണ് ഇത്തവണയും പലിശനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന തീരുമാനത്തില്‍ റിസര്‍വ് ബാങ്ക് എത്തിയത്. ആറാമത്തെ വായ്പാ നയയോഗത്തിലാണ് നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്. 2022 മെയില്‍ ആരംഭിച്ച നിരക്ക് വര്‍ധനവിന് 2023 ഫെബ്രുവരിയിലാണ് വിരാമമിട്ടത്. വിവിധ ഘട്ടങ്ങളിലായി നിരക്കില്‍ 2.50 ശതമാനം വര്‍ധന വരുത്തുകയും ചെയ്തു. പണപ്പെരുപ്പനിരക്ക് നാലു ശതമാനത്തിന് താഴെ എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നടപടികളുമായി മുന്നോട്ട് പോകാനും എംപിസി യോഗം തീരുമാനിച്ചു.