തിരുവനന്തപുരം: സഹകരണ സംഘങ്ങൾ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന് ആവർത്തിച്ച് റിസർവ് ബാങ്ക്. സമാന നിർദ്ദേശം ഇതിനുമുമ്പും നൽകിയിരുന്നു. ബാങ്കിംഗ് റെഗുലേഷൻ നിയമഭേദഗതി അനുസരിച്ച് സഹകരണ സംഘങ്ങൾ ബാങ്ക്,ബാങ്കർ,ബാങ്കിംഗ് തുടങ്ങിയ പദങ്ങൾ പേരിനൊപ്പം ഉപയോഗിക്കുന്നതിനെ വിലക്കുന്നുവെന്ന് ആർ.ബി.ഐ അറിയിച്ചു. നിയമവിരുദ്ധമായി
ചില സഹകരണ സംഘങ്ങൾ അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നാമമാത്ര അംഗങ്ങളിൽ നിന്നും അസോസിയേറ്റ് അംഗങ്ങളിൽ നിന്നുമൊക്കെ നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇതിനുള്ള ലൈസൻസ് സഹകരണ സംഘങ്ങൾക്കില്ല. ഇങ്ങനെ വാങ്ങുന്ന നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷന്റെ നിക്ഷേപ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല. പണം നിക്ഷേപിക്കുന്നതിന് മുമ്പ് ബാങ്ക് തന്നെയോ എന്നും ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കണമെന്നും ആർ.ബി.ഐ അറിയിച്ചു.