ന്യൂഡൽഹി: യു.പി.ഐ വഴി നികുതിയടക്കാനുള്ള പരിധി ഒരുലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കി ഉയർത്തി റിസർവ് ബാങ്ക്. എന്നാൽ മറ്റ് യു.പി.ഐ ഇടപാടുകളുടെ പരിധി ഒരു ലക്ഷമായി തന്നെ തുടരും. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
നിലവിൽ സ്വന്തം അക്കൗണ്ട് മാത്രമാണ് യു.പി.ഐയുമായി ബന്ധപ്പെടുത്താൻ കഴിയുക. എന്നാൽ ഇനി മുതൽ മറ്റൊരാളുടെ അക്കൗണ്ട് അദ്ദേഹത്തിന്റെ അനുമതിയോടെ യു.പി.ഐയുമായി ബന്ധിപ്പിക്കുന്ന ഡെലിഗേറ്റഡ് പേമെന്റ് സംവിധാനം നടപ്പാക്കുമെന്നും ഗവർണർ അറിയിച്ചു. പുതിയ തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് പണമിടപാടിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംവിധാനമാണ് യു.പി.ഐ. 424 മില്യൺ ഉപഭോക്താക്കളാണ് യു.പി.ഐ സംവിധാനം ഉപയോഗിക്കുന്നത്.