ന്യൂഡൽഹി: സ്വകാര്യ ബാങ്കുകളായ യെസ് ബാങ്കിനും ഐസിഐസിഐ ബാങ്കിനും പണ പിഴ ചുമത്തി ആർബിഐ. യെസ് ബാങ്കിന് 91 ലക്ഷം രൂപയും ഐസിഐസിഐ ബാങ്കിന് 1 കോടി രൂപയുമാണ് പിഴ. കസ്റ്റമർ സർവീസുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കാത്തതിനും ഇന്റേണൽ/ ഓഫീസ് അക്കൗണ്ടുകളുടെ അനധികൃത ഉപയോഗത്തിനുമാണ് യെസ് ബാങ്കിന് പിഴ.
സീറോ ബാലൻസ് ഉള്ള സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തതിന് ഉപഭോക്താക്കളിൽ നിന്ന് യെസ് ബാങ്ക് പിഴ ഈടാക്കിയതായി കണ്ടെത്തിയിരുന്നു. പാർക്കിംഗ് ഫണ്ടിനും മറ്റു അനധികൃത ആവശ്യങ്ങൾക്കുമായി ഉപഭോക്താക്കളുടെ പേരിൽ ചില ഇന്റേണൽ അക്കൗണ്ടുകൾ ബാങ്ക് തുറക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്തതായും ആർബിഐ ചൂണ്ടിക്കാട്ടി. വായ്പകളും അഡ്വാൻസുകളും നൽകുന്നതുമായി ബന്ധപ്പെട്ട് ആർബിഐ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്നതാണ് ഐസിഐസിഐ ബാങ്കിനെതിരെയുള്ള ആരോപണം. പ്രോജക്ടുകളുടെ സാധ്യത കൃത്യമായി പഠിക്കാതെ ചില സ്ഥാപനങ്ങൾക്ക് ബാങ്ക് ലോൺ അനുവദിച്ചു. പദ്ധതികളിൽ നിന്നുള്ള വരുമാനം ബാധ്യതകൾ നികത്താൻ പര്യാപ്തമാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കുന്നതിലും ബാങ്ക് പരാജയപ്പെട്ടു. ഇതെല്ലാം മാർഗനിർദേശങ്ങളുടെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഐസിഐസിഐ ബാങ്കിനെതിരെ നടപടി സ്വീകരിച്ചതെന്നും ആർബിഐ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് യെസ് ബാങ്കിന് റിസർവ് ബാങ്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ബാങ്ക് അധികൃതരുമായി നേരിട്ടും ആർബിഐ സംസാരിച്ചിരുന്നു. ബാങ്കിന്റെ മറുപടി അടക്കം കണക്കിലെടുത്താണ് പിഴ ചുമത്തിയതെന്ന് ആർബിഐ വ്യക്തമാക്കി.