തിരുവനന്തപുരം : റേഷൻ കടകളിൽ പിങ്ക്, മഞ്ഞ കാർഡുകാർക്ക് നൽകുന്ന ബില്ലിൽ കേന്ദ്ര സർക്കാർ ചിഹ്നം പതിക്കണമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജനയുടെ ലോഗോ ഇ- പോസ് മെഷീനിൽനിന്നുള്ള പുതിയ ബില്ലിൽ പ്രിന്റ് ചെയ്യണമെന്നാണ് നിർദ്ദേശം.
മുൻഗണനാ കാർഡുകാർക്ക് സൗജന്യനിരക്കിൽ അരി നൽകുന്നത് കേന്ദ്രമാണെന്നും ഇത് അറിയിക്കാനാണ് ലോഗോയെന്നുമാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയം പറയുന്നത്. ഇല്ലെങ്കിൽ ഭക്ഷ്യധാന്യം നൽകില്ല. ഇതുപ്രകാരം വ്യാഴംമുതൽ മാറ്റംവരുത്തിയ ലോഗോയാണ് നൽകുന്നത്. കാഴ്ചയിൽ താമരയുടേതുപോലെ തോന്നിക്കുന്നതാണ് ലോഗോ. കേരളം സബ്സിഡിയോടെ സാധനങ്ങൾ നൽകുന്ന നോൺ എൻഎഫ്എസ്എ നീല, വെള്ള കാർഡുടമകൾക്ക് മാത്രമാകും കേരളത്തിന്റെ ചിഹ്നം ഉൾപ്പെടുന്ന ബില്ല് ലഭിക്കുക.
1965 മുതൽ സാർവത്രിക റേഷനിങ് നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. എല്ലാക്കാലത്തും സംസ്ഥാന സർക്കാർ മുദ്ര ബില്ലിലുണ്ടായിരുന്നു. കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇപോസ് മെഷീനിലെ സോഫ്റ്റ്വെയർ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് എൻഐസി ഹൈദരാബാദിന് നിർദേശം നൽകി. ഈ കാലതാമസമാണ് ഇന്നലെ റേഷൻ കടകളുടെ താളം തെറ്റിച്ചത്.