തിരുവനന്തപുരം: ഓണം അവധിക്ക് ശേഷം ഇന്ന് സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കും. സൗജന്യ ഓണക്കിറ്റ് വിതരണം പുനരാരംഭിക്കും. സംസ്ഥാനത്ത് 90,822 മഞ്ഞ റേഷൻ കാർഡ് ഉടമകളാണ് ഓണക്കിറ്റ് വാങ്ങാനുള്ളത്.
കോട്ടയം ജില്ലയിൽ മാത്രം 33,399 പേർ ആണ് കിറ്റ് വാങ്ങാനുള്ളത്. വയനാട് ജില്ലയിൽ 7,000 പേരും ഇടുക്കിയിൽ 6,000 പേരും കിറ്റ് കിട്ടാത്തവരുണ്ട്. മറ്റു ജില്ലകളിൽ 2,000– 4,000 വരെ പേർ വാങ്ങാനുണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കോട്ടയത്ത് ഓണക്കിറ്റ് വിതരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് വിലക്ക് നീക്കിയത്. അതിനാൽ 1210 പേർക്കു മാത്രമേ കിറ്റ് വാങ്ങാനായുള്ളൂ.
സംസ്ഥാനത്തെ എഎവൈ വിഭാഗത്തിൽപ്പെട്ട കാർഡ് ഉടമകൾക്കാണ് ഇത്തവണ ഓണക്കിറ്റ് നൽകിയത്. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായതായി സർക്കാർ അറിയിച്ചു.