തിരുവനന്തപുരം: ജൂണിലെ റേഷൻ ശനിയാഴ്ച കൂടി വിതരണം ചെയ്യും. വെള്ളിയാഴ്ച റേഷൻ വിതരണം തടസപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. ഇ പോസ് മെഷീനുകൾ ശരിയായി പ്രവർത്തിക്കാത്ത സാഹചര്യത്തിലാണ് റേഷൻ വിതരണം തടസപ്പെട്ടത്.
ഇ-ഡിസ്ട്രിക്റ്റ്, ഇ-ഗ്രാന്റ്സ് തുടങ്ങിയവയ്ക്കുള്ള ആധാർ ഓതന്റിക്കേഷൻ നടക്കുന്നതിനാലാണ് റേഷൻ വിതരണത്തിനുള്ള ആധാർ ഓതന്റിക്കേഷനിൽ വേഗത കുറവ് നേരിട്ടതെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. ഇതിനാൽ ചിലർക്കെങ്കിലും റേഷൻ വാങ്ങാൻ സാധിച്ചിട്ടില്ല. ഇതു പരിഗണിച്ച് ജൂണിലെ റേഷൻ ജൂലൈ ഒന്നിനും വിതരണം ചെയ്യും.
സംസ്ഥാനത്തെ 2023 മെയ് മാസത്തെ റേഷൻ വിതരണത്തോത് 80.53 ശതമാനമായിരുന്നു. ജൂൺ 30 വൈകിട്ട് 6.50 വരെയുള്ള റേഷൻ വിതരണ തോത് 79.08 ശതമാനമാണ്. 8.45 ലക്ഷം കാർഡുടമകൾ 30ന് സംസ്ഥാനത്ത് റേഷൻ വാങ്ങി.