തിരുവനന്തപുരം: കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് റേഷൻ സാധനങ്ങൾ വിതരണത്തിനെത്തിക്കുന്ന കരാറുകാർ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. എഫ്സിഐ ഗോഡൗണിൽ നിന്നും റേഷൻ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും ഭക്ഷ്യധാന്യങ്ങളെത്തിക്കുന്ന കരാറുകാരാണ് സമരം പ്രഖ്യാപിച്ചത്.
സപ്ലൈക്കോ 100 കോടിയോളം രൂപ കുടിശിക നൽകാനുണ്ടെന്നും കുടിശിക തുക ലഭിക്കാത്തതിനാൽ ചൊവ്വാഴ്ച മുതൽ സാധനങ്ങൾ എത്തിക്കുന്നത് നിർത്തിവച്ച് അനിശ്ചിതകാല സമരത്തിലേക്കു നീങ്ങുകയാണെന്നുമാണ് കരാറുകാരുടെസംഘടന പറയുന്നത്.
ഇതോടെ സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങും. ബില്ല് സമർപ്പിച്ചാൽ തുക ഉടൻ നൽകുക, ചുമട്ടുതൊഴിലാളികളുടെ ക്ഷേമനിധി വിഹിതം സപ്ലൈക്കോ നേരിട്ട് അടക്കുക തുടങ്ങിയ ആവശ്യങ്ങളും കരാറുകാർ ഉന്നയിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് നിരവധി തവണ സപ്ലൈക്കോയെ സമീപിച്ചിട്ടും ചർച്ച്ക്ക് പോലും വിളിച്ചില്ലെന്ന് കരാറുകാർ ആരോപിച്ചു.