നോയിഡ : ഉത്തര്‍പ്രദേശില്‍ എലിയെ ബൈക്ക് കയറ്റി കൊന്നതിന് യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ സഹോദരനെ ഒരുസംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചു. നോയിഡ മാമുറയിലെ സൈനുല്‍ ആബിദീ(24)നെയാണ് അറസ്റ്റ് ചെയ്തത്. ഒരുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവാവ് ബൈക്ക് ഓടിക്കുന്നതിനിടെ റോഡിന് കുറുകെ വന്ന എലിയെയാണ് കൊന്നത്. ബൈക്ക് മുന്നോട്ടും പിന്നോട്ടും എടുത്ത് എലിയെ കൊല്ലുന്ന വീഡിയോ അജ്ഞാതന്‍ മൊബൈലില്‍ പകര്‍ത്തും കഴിഞ്ഞ ദിവസം ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഒരുസംഘം വീട്ടില്‍ കയറി ഇദ്ദേഹത്തിന്റെ സഹോദരനെ മര്‍ദ്ദിച്ചത്. ഇതിനു പിന്നാല സൈനുല്‍ ആബിദീനെ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരനെ വീട്ടില്‍ക്കയറി മര്‍ദ്ദിച്ചതിന് രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് സൈനുല്‍ ആബിദീനെ തിരിച്ചറിഞ്ഞതെന്നും ഐപിസി സെക്ഷന്‍ 290 പ്രകാരം കേസെടുത്ത് ജൂലൈ 23 നാണ് അറസ്റ്റ് ചെയ്തതെന്നും എസ് ഐ വിനീത് കുമാര്‍ പറഞ്ഞു. എലിയെ കൊന്നതിനല്ല, ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിനാണ് കേസെടുത്തതെന്നായിരുന്നു സ്റ്റേഷന് ഹൗസ് ഓഫിസര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്. ഇത് വിവാദമായതോടെ അറസ്റ്റ് പിന്‍വലിച്ച് യുവാവിനെ വെറുതെ വിടാന്‍ ഗൗതം ബുദ്ധ നഗര്‍ പോലീസ് കമീഷണര്‍ ലക്ഷ്മി സിങ് ഉത്തരവിടുകയും ചെയ്തു. കേസില്‍ ഉള്‍പ്പെട്ടവരെ കുറിച്ച് സെന്‍ട്രല്‍ നോയിഡയിലെ ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ അനില്‍ കുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.