ന്യൂഡൽഹി : നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ നിർമിച്ച കേസിൽ അറസ്റ്റിലായത് ആന്ധ്ര പ്രദേശ് സ്വദേശിയായ ടെക്കി. 24 കാരനായ ഈമാനി നവീന്‍ ആണ് വിഡിയോ നിർമിച്ചത്. ഇയാൾ കുറ്റം സമ്മതിച്ചു. രശ്മികയുടെ പേരിലുള്ള ഫാൻ പേജിലെ ഫോളോവേഴ്സിനെ കൂട്ടാൻ വേണ്ടിയാണ് വിഡിയോ നിർമിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ആന്ധ്രപ്രദേശിൽ നിന്ന് ഡൽഹി പൊലീസാണ് നവീനെ അറസ്റ്റ് ചെയ്യുന്നത്.
രശ്മികയുടെ കടുത്ത ആരാധകനായ ഇയാൾ ഇൻസ്റ്റഗ്രാമിൽ നടിയുടെ ഫാൻ പേജ് ക്രിയേറ്റ് ചെയ്തിരുന്നു. ഈ അക്കൗണ്ടിലെ ഫോളോവേഴ്സിനെ കൂട്ടുന്നതിനായാണ് ഡീപ് ഫേക്ക് വിഡിയോ നിർമിക്കുന്നത്. ഈ അക്കൗണ്ടിലൂടെയാണ് ആദ്യം വിഡിയോ പോസ്റ്റ് ചെയ്യുന്നത്. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ കൊണ്ട് വീഡിയോ വൈറലായി. ഫോളോവേഴ്സിന്റെ എണ്ണത്തിലും വലിയ വർധനവുണ്ടായി.
എന്നാല്‍ സംഭവം വിവാദമായതോടെ നവീന്‍ വീഡിയോ നീക്കം ചെയ്യുകയും ഇന്‍സ്റ്റഗ്രാം ചാനലിന്റെ പേര് മാറ്റുകയും ചെയ്തു. കൂടാതെ സ്മാര്‍ട്ട്ഫോണ്‍ ഉള്‍പ്പെടെയുള്ള തന്റെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍നിന്ന് നവീന്‍, വീഡിയോയും അനുബന്ധ ഫയലുകളും ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ജോലി ചെയ്യുകയാണ് അറസ്റ്റിലായ നവീൻ. പ്രതിയുമായി പൊലീസ് സംഘം ഡല്‍ഹിയിലേക്ക് തിരിച്ചു.
രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട അഞ്ഞൂറിലേറെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചാണ് പോലീസ് നവീനിലേക്ക് എത്തിയത്. കഴിഞ്ഞ നവംബറിലാണ് ബ്രിട്ടീഷ്-ഇന്ത്യന്‍ സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സര്‍ സാറാ പട്ടേലിന്റെ വീഡിയോയില്‍ എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് രശ്മികയുടെ മുഖം മോര്‍ഫ് ചെയ്ത് ഉണ്ടാക്കിയ ഡീപ്പ് ഫേക്ക് വീഡിയോ പ്രചരിച്ചത്.