കൊച്ചി : പുലിപ്പല്ല് കേസിൽ റാപ്പർ വേടന് ജാമ്യം. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കരുതെന്ന വനംവകുപ്പിന്റെ ആവശ്യം കോടതി തള്ളി.
കർശന ഉപാധികളോടെയാണ് വേടന് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, കേരളം വിട്ടു പുറത്തു പോകരുത്, ഏഴുദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം.
അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ഏത് ഉപാധിയും സ്വീകരിക്കാമെന്നും വേടൻ കോടതിയിൽ പറഞ്ഞു. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കാമെന്നും ഒരു സാധാരണക്കാരൻ എങ്ങനെയാണ് പുലിപ്പല്ല് കണ്ടാൽ തിരിച്ചറിയാൻ സാധിക്കുന്നതെന്നും വേടൻ ചോദിച്ചു. മാല സമ്മാനമായി ലഭിച്ചപ്പോൾ വാങ്ങിയതാണെന്നും മൃഗവേട്ട നിലനിൽക്കില്ലെന്നും വേടന്റെ അഭിഭാഷകൻ പറഞ്ഞു.
ജാമ്യപേക്ഷയെ എതിർത്ത് വനം വകുപ്പ് രംഗത്തെത്തിയിരുന്നു. കൂടുതൽ അന്വേഷണം ആവശ്യമാണെന്നും വേടൻ രാജ്യം വിട്ട് പോകാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം. രഞ്ജിത് കുമ്പിടി എന്നയാളാണ് മാല നൽകിയത് എന്ന് പറയുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായിട്ടില്ലെന്ന് വനം വകുപ്പ് അറിയിച്ചു.