ഛണ്ഡീഗഢ് : ദേരാ സച്ചാ സൗദാ തലവനും ബലാത്സംഗ കൊലക്കേസ് പ്രതിയുമായ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന് വീണ്ടും പരോള്‍. 50 ദിവസത്തെ പരോളാണ് അനുവദിച്ചത്. നാല്
വര്‍ഷത്തിനുള്ളില്‍ ഹരിയാന ബിജെപി സര്‍ക്കാര്‍ ഇത് ഒമ്പതാം തവണയാണ് ഗുര്‍മീതിന് പരോള്‍ അനുവദിക്കുന്നത്.
ആശ്രമത്തിലെ അന്തേവാസികളായ രണ്ട് യുവതികളെ ബലാത്സംഗം ചെയ്ത കേസിലും കൊലപാതക കേസുകളിലും തടവുശിക്ഷ അനുഭവിക്കുന്നതിനിടെയാണ് വീണ്ടും പരോള്‍ നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ജൂലൈയില്‍ 30 ദിവസവും ജനുവരിയില്‍ 40 ദിവസം ഇയാള്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു. അതിനു മുമ്പ് 2022 ഒക്ടോബറിലും 40 ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു. 2022 ജൂണിലും ഫെബ്രുവരിയിലുമുള്‍പ്പെടെ പരോള്‍ നല്‍കിയിരുന്നു. ഹരിയാനയിലെ സുനാരിയ ജയിലില്‍ കഴിയുന്ന വിവാദ നേതാവ് ഉത്തര്‍പ്രദേശിലെ ബാഗ്പട്ടിലെ ആശ്രമത്തിലാണ് പരോള്‍ കാലയളവില്‍ താമസിക്കുക.
1948ല്‍ മസ്താ ബലോചിസ്താനി ആരംഭിച്ച ദേര സച്ച സൗദ എന്ന സംഘടനയുടെ തലവനാണ് ഗുര്‍മീത് സിങ്. നേരത്തെ, വാളുകൊണ്ട് കേക്ക് മുറിച്ച് പരോള്‍ ആഘോഷിക്കുന്ന റാം റഹീം സിങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജനുവരിയില്‍ പരോളിലിറങ്ങിയ ശേഷം ഇയാള്‍ സംഘടിപ്പിച്ച മെഗാ ശുചിത്വ കാമ്പയിനില്‍ ഹരിയാന ബിജെപി നേതാക്കളും പങ്കെടുത്തിരുന്നു. രാജ്യസഭാ എംപി കൃഷന് ലാല്‍ പന്‍വാറും മുന്‍ മന്ത്രി കൃഷന് കുമാര്‍ ബേദിയും ഉള്‍പ്പെടെയുള്ള ഏതാനും മുതിര്‍ന്ന ബിജെപി നേതാക്കളാണ് ചടങ്ങില്‍ പങ്കെടുത്തത്.
ആശ്രമത്തിലെ രണ്ട് അന്തേവാസികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഗുര്‍മീതിനെ 20 വര്‍ഷം തടവിനാണ് ശിക്ഷിച്ചത്. ബലാത്സംഗത്തിലൂടെ സ്ത്രീകള്‍ ശുദ്ധീകരിക്കപ്പെടുന്നു എന്ന് അവകാശപ്പെട്ട ഗുര്‍മീത് തന്റെ അനുയായികളായ സ്ത്രീകളെ പലതരം ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയരാക്കിയിരുന്നു.
2017ലാണ് ബലാത്സംഗ കേസിലും രണ്ട് കൊലപാതക കേസുകളിലുമായി കോടതി ആദ്യം ശിക്ഷ വിധിച്ചത്. തുടര്‍ന്ന്, 2002ല്‍ തന്റെ മാനേജരായിരുന്ന രഞ്ജിത് സിങ്ങിനെ വധിച്ച കേസില്‍ മറ്റ് നാല് പേര്‍ക്കൊപ്പം 2021ല്‍ ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. വെടിവച്ചാണ് രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയത്. ഗുര്‍മീത് സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ച വാര്‍ത്തകള്‍ പുറത്തെത്തിച്ചത് രഞ്ജിത് സിങ്ങാണ് എന്നാരോപിച്ചാണ് റാം റഹീമും കൂട്ടാളികളും ഇയാളെ വെടിവച്ചു കൊന്നത്.