കൊച്ചി : ബലാത്സംഗക്കേസില്‍ നടന് ബാബുരാജിന് മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെയാണ് ബാബുരാജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, പത്തു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണം എന്നീ ഉപാധികളാണ് ജാമ്യം അനുവദിച്ചു കൊണ്ട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ജൂനിയർ നടിയെ പീഡിപ്പിച്ചു എന്നായിരുന്നു ബാബുരാജിനെതിരായ കേസ്.
ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് ബാബുരാജിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത്. പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍ വെച്ചും അടിമാലിയിലെ റിസോര്‍ട്ടിലും വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പരാതി നല്‍കിയത്.
ബാബുരാജിനെതിരെ യുവതി ഡിജിപിക്കാണ് പരാതി നല്‍കിയത്. ഡിജിപി ഈ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. പരാതിയിന്മേല് അടിമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ബാബുരാജ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ബലാത്സംഗക്കേസില്‍ പരാതി നല്‍കാനിടയായ കാലതാമസം ചൂണ്ടിക്കാട്ടി നടന് സിദ്ദിഖിന് നേരത്തെ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.