ചെന്നൈ : അയോദ്ധ്യയിൽ ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഭാര്യക്കും ക്ഷണം. ദുർഗ സ്റ്റാലിനെ ആർ.എസ്.എസിന്റെയും വി.എച്ച്.പിയുടെയും നേതാക്കൾ ചെന്നൈയിലെ വസതിയിലെത്തിയാണ് ഔദ്യോഗികമായി ക്ഷണിച്ചത്. അക്ഷതവും ഔദ്യോഗിക ക്ഷണവും അവർ ദുർഗസ്റ്റാലിന് കൈമാറി. മറ്റൊരവസരത്തിൽ അയോദ്ധ്യ സന്ദർശിക്കുമെന്നാണ് അവർ അറിയച്ചതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ആഗസ്റ്റിൽ ദുർഗ സ്റ്റാലിൻ ഗുരുവായൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു. 14 ലക്ഷം രൂപ വിലവരുന്ന സ്വർണ കിരീടം അവർ ഗുരുവായൂരിൽ സമർപ്പിക്കുകയും ചെയ്തു.
അതേസമയം രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബി.ജെ.പി ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി ആരോപിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും സോണിയ ഗാന്ധിക്കും പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും ചർച്ചകൾക്ക് ശേഷം പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയവരെല്ലാം ക്ഷണം നിരസിച്ചിട്ടുണ്ട്.