കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ “അമ്മ’യിൽ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞവരെ വിജയികളായി പ്രഖ്യാപിച്ചതിനെതിരേ സംഘടന നേതൃത്വത്തിനു നടനും സംവിധായകനുമായ രമേഷ് പിഷാരടി കത്തു നല്കി.വോട്ട് കുറഞ്ഞവരെ ജയിപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് നേതൃത്വത്തിന് അയച്ച കത്തില്‍ പറഞ്ഞു.
വനിതാ സംവരണം നടപ്പാക്കാനായി നാലു സീറ്റില്‍ തെരഞ്ഞെടുപ്പ് നടത്താതെ മാറ്റിവയ്ക്കണമായിരുന്നെന്നും താന്‍ പരാജയപ്പെട്ടെന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ ഒഴിവാക്കാനെങ്കിലും നേതൃത്വം ഇടപെടണമായിരുന്നെന്നും രമേഷ് പിഷാരടി പറഞ്ഞു. ജനാധിപത്യവ്യവസ്ഥിതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് കൂടുതല്‍ ലഭിക്കുന്ന സ്ഥാനാര്‍ഥിയാണു വിജയി. അപ്പോഴേ അത് ജനങ്ങളുടെ തീരുമാനമാകൂ. ഒരു സ്ഥാനാര്‍ഥിക്കു വോട്ട് കൂടുതല്‍ ലഭിക്കുകയും അയാളെക്കാള്‍ വോട്ട് കുറഞ്ഞവര്‍ക്കുവേണ്ടി മാറികൊടുക്കുകയും ചെയ്യേണ്ടിവരുന്നതു ജനഹിതം റദ്ദുചെയ്യുന്നതിനു തുല്യമാണെന്നും കത്തില്‍ പറയുന്നു.
സ്ത്രീസംവരണം കൃത്യമായി നടപ്പാക്കാന്‍ ബൈലോ ഭേദഗതി ചെയ്യണമെന്നും പിഷാരടി കത്തിലൂടെ ആവശ്യപ്പെട്ടു. വനിതകളെ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമായിരുന്നെങ്കില്‍ ആ സീറ്റില്‍ മത്സരം ഒഴിവാക്കാമായിരുന്നെന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഡോ. റോണി ഡേവിഡും പറഞ്ഞു. അതിനിടെ, വാര്‍ഷിക യോഗത്തിലെ ചര്‍ച്ചകള്‍ മുഴുവനായി ഒരു യൂട്യൂബ് ചാനലിലൂടെ ലൈവായി പുറത്തുവിട്ടതിനെതിരേയും നേതൃത്വത്തിനു പരാതി ലഭിച്ചിട്ടുണ്ട്.