

തിരുവനന്തപുരം : സ്കൂളുകള്‍ തുറക്കും മുമ്പ് അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാഠപുസ്തകം നേരത്തെ അടിക്കുന്നത് തുഗ്ലക്ക് പരിഷ്കാരമാണെന്നും അടുത്ത ക്ലാസിലേക്ക് കുട്ടികള്‍ ജയിക്കുമോ എന്ന് അറിയായതെയാണോ പുസ്തകം വിതരണം ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
‘അടുത്ത ക്ലാസിലേക്ക് ജയിച്ചോ എന്നറിയാതെയാണോ പാഠപുസ്തകം വിതരണം ചെയ്യുന്നത്. എട്ടാം ക്ലാസിലെ വിദ്യാര്‍ഥി ഒന്‍പതാം ക്ലാസിലേക്ക് ജയിച്ചിട്ടില്ലല്ലോ?. അത് ശിവന്‍കുട്ടിയാണോ തീരുമാനിക്കുന്നത്. അധ്യാപകര്‍ കുട്ടികളുടെ പരീക്ഷാ പേപ്പര്‍ നേക്കേണ്ടേ?. എന്തെല്ലാം തുഗ്ലക്ക് പരിഷ്കാരങ്ങളാണ് ഇവര്‍ നടപ്പിലാക്കുന്നത്. പുസ്തകം നേരത്തെ അടിച്ചെന്ന് ആളുകളെ ബോധ്യപ്പെടുത്താനാണ് ഇത് ചെയ്യുന്നത്. തൃക്കാക്കരയിലെ പ്രസില്‍ പുസ്തകം നേരത്തെ അടിച്ചിട്ടില്ലേ?. ഇത് എന്തോ വലിയ ഭരണനേട്ടം പോലെയാണ് അവതരിപ്പിക്കുന്നത്. പണ്ടൊക്കെ എഴുത്തോലയിലായിരുന്നോ കുട്ടികള്‍ പഠിച്ചിരുന്നത്’ ചെന്നിത്തല ചോദിച്ചു.
ചെന്നിത്തലയുടെ പ്രതികരണത്തിനെതിരെ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. മഴവില്ലിലെ വര്‍ണങ്ങളെ കുറിച്ച് പഠിപ്പിക്കാന്‍ ടെക്സ്റ്റ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് കുട്ടികളെ കാണിച്ചവരാണ് പാഠപുസ്തകം നേരത്തെ എത്തിച്ചപ്പോള്‍ ‘തുഗ്ലക്ക് പരിഷ്കാരം’ എന്ന് പറയുന്നതെന്നായിരുന്നു ശിവന്‍കുട്ടിയുടെ പരിഹാസം. ചെന്നിത്തലയുടേത് വെറുമൊരു രാഷ്ട്രീയ പ്രസ്താവനയല്ല, മറിച്ച് കേരളത്തിലെ പാവപ്പെട്ട കുട്ടികളുടെ ഭാവിക്ക് നേരെയുള്ള പോര്‍വിളിയാണ്. സര്‍ക്കാര്‍ വിദ്യാലയങ്ങളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ അതിനെ ‘തുഗ്ലക്ക് പരിഷ്കാരം’ എന്ന് വിളിക്കാന്‍ ചെന്നിത്തലയ്ക്ക് എങ്ങനെ സാധിക്കുന്നുവെന്ന് ശിവന്‍കുട്ടി ചോദിച്ചു.
‘ഇതാണോ ചെന്നിത്തല പറയുന്ന ‘തുഗ്ലക്ക് പരിഷ്കാരം’?. പാഠപുസ്തകങ്ങള്‍ നേരത്തെ എത്തിക്കുന്നത് കുറ്റമോ?: സ്കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികളുടെ കൈയില്‍ പുസ്തകവും യൂണിഫോമും എത്തിക്കുന്നത് ഭരണപരമായ മികവാണ്. അല്ലാതെ പഴയ യു.ഡി.എഫ് കാലത്തെപ്പോലെ ഓണം കഴിഞ്ഞിട്ടും പുസ്തകത്തിനായി കുട്ടികളെ തെരുവില്‍ കാത്തുനിര്‍ത്തുന്നതാണോ നിങ്ങളുടെ വികസന മാതൃക?. 2000 സ്കൂളുകളില്‍ 7000 റോബോട്ടിക് ലാബുകള്‍ സ്ഥാപിച്ച് പാവപ്പെട്ടവന്റെ മക്കളെ ആധുനിക സാങ്കേതികവിദ്യ പഠിപ്പിക്കുന്നത് തുഗ്ലക്ക് പരിഷ്കാരമാണോ? വരേണ്യവര്‍ഗത്തിന് മാത്രം ലഭിച്ചിരുന്ന ഈ സൗകര്യങ്ങള്‍ സാധാരണക്കാരന് ലഭ്യമാക്കുന്നത് കാണുമ്പോഴാണോ നിങ്ങള്‍ക്ക് അസ്വസ്ഥത?.
കിഫ്ബി വഴി 973 സ്കൂളുകള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്കുന്നു. അടച്ചുപൂട്ടാന്‍ പോയിരുന്ന സര്‍ക്കാര്‍ സ്കൂളുകളെ ജനകീയമാക്കി മാറ്റിയതാണോ ചെന്നിത്തല പരിഹസിക്കുന്ന ‘തുഗ്ലക്ക്’ രീതി? ലോകം മാറുന്നതിനനുസരിച്ച് നമ്മുടെ കുട്ടികളും മാറണം. അതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും 3ഉ മോഡലിംഗും സിലബസിന്റെ ഭാഗമാക്കിയത് തെറ്റാണോ? അതോ നമ്മുടെ കുട്ടികള്‍ ഇന്നും കല്ലേപ്പലകയില്‍ മാത്രം പഠിച്ചാല്‍ മതിയെന്നാണോ ചെന്നിത്തലയുടെ വാശി?.
കിഫ്ബി വഴി 973 സ്കൂളുകള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്കുന്നു. അടച്ചുപൂട്ടാന്‍ പോയിരുന്ന സര്‍ക്കാര്‍ സ്കൂളുകളെ ജനകീയമാക്കി മാറ്റിയതാണോ ചെന്നിത്തല പരിഹസിക്കുന്ന ‘തുഗ്ലക്ക്’ രീതി? ലോകം മാറുന്നതിനനുസരിച്ച് നമ്മുടെ കുട്ടികളും മാറണം. അതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും 3ഉ മോഡലിംഗും സിലബസിന്റെ ഭാഗമാക്കിയത് തെറ്റാണോ? അതോ നമ്മുടെ കുട്ടികള്‍ ഇന്നും കല്ലേപ്പലകയില്‍ മാത്രം പഠിച്ചാല്‍ മതിയെന്നാണോ ചെന്നിത്തലയുടെ വാശി?.
വിദ്യാര്‍ത്ഥികള്‍ക്ക് അപകട/ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും സൗജന്യ ഹെല്‍ത്ത് കാര്‍ഡും ഉറപ്പാക്കി. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് താങ്ങായി നില്ക്കുന്ന ഈ സുരക്ഷാ പദ്ധതികളാണോ നിങ്ങള്‍ക്ക് പരിഹാസ്യമായി തോന്നുന്നത്?. പരീക്ഷാഫലം വരുന്നതിന് മുമ്പേ പുസ്തകം അച്ചടിക്കുന്നത് ആസൂത്രണമില്ലായ്മയല്ല, മറിച്ച് നിശ്ചയദാര്‍ഢ്യമാണ്. തോല്‍ക്കുമോ ജയിക്കുമോ എന്ന് സംശയിച്ചു നില്ക്കുന്ന ചെന്നിത്തലയുടെ രാഷ്ട്രീയ മന:സ്ഥിതിയല്ല കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിനുള്ളത്. പാവപ്പെട്ടവന്റെ മക്കള്‍ പഠിച്ചുയരുന്നത് കണ്ട് സമനില തെറ്റിയ ചെന്നിത്തല കേരളത്തിലെ വിദ്യാര്‍ത്ഥികളോട് മാപ്പു പറയണം’. ശിവന്‍കുട്ടി പറഞ്ഞു.