കോഴിക്കോട് : അയോധ്യയില്‍ നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയില്‍ പാര്‍ട്ടി പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ ഭിന്നത. കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി കേരള ഘടകത്തിന്റെ നിലപാടെന്ന കെ മുരളീധരന്റെ പ്രസ്താവന തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരനും ശശി തരൂരും രംഗത്തെത്തി.
രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വമാണെന്ന് കെ സുധാകരന് പറഞ്ഞു. അല്ലാതെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അല്ല. അത് അവിടെ തീരുമാനിക്കും. വിഷയത്തില്‍ കെപിസിസിയോട് അഭിപ്രായം ചോദിച്ചാല്‍ നിലപാട് അറിയിക്കും. മുരളീധരന് പറഞ്ഞത് എന്താണെന്ന് മുരളിയോട് ചോദിക്കുക. അല്ലാതെ എന്നോട് ചോദിച്ചിട്ട് എന്താ കാര്യമെന്ന് സുധാകരന് പറഞ്ഞു.
സമസ്തയ്ക്ക് അവരുടെ നിലപാട് പറയാന്‍ അവകാശമുണ്ടെന്നും കെ സുധാകരന് കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് പറയേണ്ടത് ദേശീയ നേതൃത്വമാണെന്ന് ശശി തരൂര്‍ എംപിയും പറഞ്ഞു. ഇന്ന് നാഗ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേരുന്നുണ്ട്. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സമയം തരൂ എന്നും തരൂര്‍ പറഞ്ഞു. സിപിഎമ്മിന് മതവിശ്വാസമില്ലാത്തതിനാല്‍ എളുപ്പത്തില്‍ ഒരു തീരുമാനം എടുക്കാം.
എന്നാല്‍ കോണ്‍ഗ്രസ് അതുപോലെയല്ല. കോണ്‍ഗ്രസിന്റേത് സിപിഎമ്മിന്റെയോ ബിജെപിയുടേയോ ഐഡിയോളജിയല്ല. ഹിന്ദുത്വയെ രാഷ്ട്രീയ ഡോക്ട്രിന്‍ ആയിട്ടു പാര്‍ട്ടി കാണുന്നു. ഹിന്ദു മതത്തിനെ ബന്ധപ്പെട്ട വിശ്വാസമല്ല ഹിന്ദുത്വ. ഞങ്ങള്‍ സിപിഎമ്മുമല്ല, ബിജെപിയുമല്ല. വിഷയത്തില്‍ കെപിസിസി നിലപാട് എഐസിസിയെ അറിയിച്ചെന്ന കെ മുരളീധരന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇല്ലെന്നായിരുന്നു തരൂരിന്റെ മറുപടി.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി കേരള ഘടകത്തിന്റെ നിലപാടെന്നാണ് കെ മുരളീധരന് എംപി രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യം എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ വികാരം മാനിച്ചുകൊണ്ടുള്ള തീരുമാനം പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വം കൈക്കൊള്ളുമെന്നും മുരളീധരന് പറഞ്ഞു.