അയോധ്യ : അയോധ്യ രാമക്ഷേത്രത്തിന്റെ പണി ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്. ക്ഷേത്ര നിര്‍മാണത്തിനായി ആകെ ചെലവഴിച്ച തുകയുടെ കണക്കും ട്രസ്റ്റ് പുറത്തുവിട്ടു. 2020 ഫെബ്രുവരി 5 ന് ട്രസ്റ്റ് രൂപീകരിച്ചതിന് ശേഷം അഞ്ച് വര്‍ഷത്തിനിടെ രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇതുവരെ 2,150 കോടി രൂപ ചെലവഴിച്ചതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
മുഖ്യ പുരോഹിതന് ആചാര്യ സത്യേന്ദ്ര ദാസിന്റെ നിര്യാണത്തെത്തുടര്‍ന്ന്, രാമക്ഷേത്രത്തിന് ഇനി മുതല്‍ മുഖ്യ പുരോഹിതന് എന്ന സ്ഥാനം ഉണ്ടാകില്ലെന്നും ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചു. 15 ട്രസ്റ്റ് അംഗങ്ങളില്‍ 12 പേര് യോഗത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നികുതിയും സെസും സര്‍വീസ് ചാര്‍ജും ഉള്‍പ്പടെ 396 കോടി രൂപ സര്‍ക്കാരിനായി നല്കി. ഇതില്‍ ജിഎസ്ടിയായി 272 കോടി രൂപ നല്‍കിയതായും ട്രസ്റ്റ് അറിയിച്ചു. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ 96 ശതമാനവും പൂര്‍ത്തിയായതായും ബാക്കിയുള്ളവ അക്ഷയ തൃതീയ ദിവസമായ (ഏപ്രില്‍ 30) ആകുമ്പോഴേക്കും പൂര്‍ത്തിയാകുമെന്നും ട്രസ്റ്റ് അറിയിച്ചു.