മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിനെ പ്രശംസിച്ചുകൊണ്ടുള്ള രാം ഗോപാൽ വർമയുടെ ട്വീറ്റ് വൈറലായിരുന്നു. സാരിയിൽ ഇത്ര സുന്ദരിയായ സ്ത്രീയെ താൻ കണ്ടിട്ടില്ല എന്നാണ് രാം ഗോപാൽ വർമയുടെ കമന്റ്. ശ്രീലക്ഷ്മിയെ നായികയാക്കി സാരിയെക്കുറിച്ച് ഒരു സിനിമ എടുക്കാനുള്ള താൽപ്പര്യവും അദ്ദേഹം പങ്കുവച്ചിരുന്നു. ആർജിവി ഇപ്പോഴും ശ്രീലക്ഷ്മിയുടെ പിന്നാലെയാണ് എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റുകൾ തെളിയിക്കുന്നത്.
സാരി ഗേൾ എന്നു പറഞ്ഞുകൊണ്ട് ശ്രീലക്ഷ്മിയുടെ നിരവധി ചിത്രങ്ങളാണ് രാം ഗോപാൽ വർമ പങ്കുവെക്കുന്നത്. സാരിയാണ് ഏറ്റവും മനോഹരമായ വസ്ത്രം എന്ന് പലരും പറഞ്ഞപ്പോൾ താൻ വിശ്വസിച്ചില്ലെന്നും അത് സത്യമാണെന്ന് തോന്നിയത് ശ്രീലക്ഷ്മിയുടെ സാരി ചിത്രങ്ങൾ കണ്ടപ്പോഴാണ് എന്നാണ് ആർജിവി പറയുന്നത്. സാരിയിൽ ഒരു പെൺകുട്ടിയെ ഇത്ര മനോഹരമായി ഷൂട്ട് ചെയ്ത ഫോട്ടോഷൂട്ട് ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം കുറിച്ചു. ഫൊട്ടോഗ്രാഫറായ അഘോഷ് ഡി. പ്രസാദിനെയും ആർജിവി അഭിനന്ദിച്ചു.
സാരിയിലുള്ള ശ്രീലക്ഷ്മിയുടെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് ഇത് ആരാണെന്ന് രാം ഗോപാൽ വർമ തിരക്കുകയായിരുന്നു. പിന്നാലെയാണ് മലയാളി മോഡലായ ശ്രീലക്ഷ്മിയാണ് എന്ന് അറിയുന്നത്. തുടർന്ന് സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടോ എന്ന് ആർജിവി ചോദിക്കുകയായിരുന്നു. കഥയും കഥാപാത്രവും അറിഞ്ഞതിനു ശേഷം തീരുമാനം അറിയിക്കാമെന്നാണ് ശ്രീലക്ഷ്മി പറഞ്ഞിരിക്കുന്നത്.