ന്യൂഡല്‍ഹി : വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും പാസ്സാക്കി. 12 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ഇന്നു പുലര്‍ച്ചെ 1.10ഓടെ ആണ് രാജ്യസഭയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. 128 പേര് ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 95 എംപിമാര്‍ എതിര്‍ത്തു.
ബില്ലിനെ എതിര്‍ക്കുമെന്ന് ഇന്നലെ രാവിലെ പ്രഖ്യാപിച്ച ബിജെഡി വൈകിട്ടോടെ മനസ്സാക്ഷി വോട്ടിന് അംഗങ്ങളോട് നിര്‍ദേശിക്കുകയായിരുന്നു. വഖഫ് ഭേദഗതി ബില്‍ ഇന്നലെ ലോക്സഭയും അംഗീകരിച്ചിരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗീകാരം ലഭിച്ചതോടെ, രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമാകും.
ബില്ലിലെ വ്യവസ്ഥകളിൽ കേരള എംപിമാരായ ജോൺ ബ്രിട്ടാസ്, എ എ റഹീം, വി ശിവദാസൻ, ഹാരിസ് ബീരാൻ, അബ്ദുൽ വഹാബ്, പി സന്തോഷ് കുമാർ, പി പി സുനീർ തുടങ്ങിയവർ അവതരിപ്പിച്ച ഭേദഗതികൾ ശബ്ദവോട്ടോടെ തള്ളി. വഖഫ് ബോർഡിൽ മുസ്ലിം അല്ലാത്തവരെ അംഗങ്ങളാക്കുന്നതിനെതിരെ തിരുച്ചി ശിവ നിർദേശിച്ച ഭേദഗതിയും വോട്ടിനിട്ടു തള്ളി.